മനോദൗര്‍ബല്യമുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രൂപീകരിച്ച സംസ്ഥാന മാനസികാരോഗ്യ അതോറിറ്റിയുടെ പ്രവര്‍ത്തനം കടലാസില്‍. വര്‍ഷത്തില്‍, നാലു തവണയെങ്കിലും യോഗം ചേരണമെന്നാണ് നിയമത്തില്‍ പറയുന്നതെങ്കിലും ഇതു വരെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല.ജില്ലാതലത്തില്‍ പരാതികള്‍ പരിഹരിക്കാനായി മെന്റല്‍ ഹെല്‍ത്ത് റിവ്യു ബോര്‍ഡ് രൂപീകരിക്കണമെന്ന വ്യവസ്ഥയും പാലിച്ചിട്ടില്ല. അതോറിറ്റിക്ക് ഇതു വരെ സര്‍ക്കാര്‍ ഫണ്ടും അനുവദിച്ചില്ല. 2017ലെ കേന്ദ്ര മാനസികാരോഗ്യ നിയമത്തെ തുടര്‍ന്നാണ് ഈ വര്‍ഷം ജനുവരിയില്‍ കേരളത്തിലും അതോറിറ്റി രൂപീകരിച്ചത്.
ആരോഗ്യ സെക്രട്ടറി ചെയര്‍പഴ്‌സനായി 17 പേരാണ് അതോറിറ്റിയില്‍ ഉണ്ടാകേണ്ടതെങ്കിലും രണ്ടു പേരെ ഇതു വരെ നിയോഗിച്ചിട്ടില്ല. അതോറിറ്റിക്കു പുറമേ കേരളത്തില്‍ അഞ്ചിടത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യു ബോര്‍ഡ് രൂപീകരിക്കണമെന്നും നിയമത്തിലുണ്ട്. ഇതു സംബന്ധിച്ച് ഗസറ്റ് വിജ്ഞാപനം മാത്രമാണ് പുറപ്പെടുവിച്ചത്.റിവ്യു ബോര്‍ഡ് രൂപീകരിക്കാന്‍ രണ്ടു തവണ അപേക്ഷ ക്ഷണിച്ചെങ്കിലും അപേക്ഷകരുടെ എണ്ണം കുറവായതിനാല്‍ തുടര്‍നടപടി മുടങ്ങി. ജില്ലാ ജഡ്ജി അധ്യക്ഷനായി 6 പേരാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യു ബോര്‍ഡില്‍ വേണ്ടത്. മനോദൗര്‍ബല്യത്തിന് ചികിത്സ തേടി മുക്തരായവരുടെ പ്രതിനിധികളും അതോറിറ്റിയിലും ബോര്‍ഡിലും ഉണ്ട്.സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി യോഗം ചേരാന്‍ വൈകുന്നതിനാല്‍ സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ഗുണനിലവാര നിരീക്ഷണം, പോരായ്മകള്‍ പരിഹരിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത സാഹചര്യമാണ്.
യോഗം വിളിക്കുന്നതിനു ലോക്ഡൗണിനെ തുടര്‍ന്നാണ് കാലതാമസമുണ്ടായതെന്നു സ്റ്റേറ്റ് മെന്റല്‍ അതോറിറ്റി സിഇഒ വി.വി.ജയ അറിയിച്ചു.