സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്ത് നേട്ടത്തില്‍ തരിയോട്.
കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങള്‍ പ്രകാരം തരിയോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ കാവുംമന്ദം, തരിയോട് വില്ലേജുകള്‍ സമ്പൂര്‍ണ്ണ വിസര്‍ജ്ജന മുക്തമായതിനൊപ്പം ശുചിത്വ മാലിന്യ പരിപാലനം കൃത്യമായി പ്രവര്‍ത്തിക്കുന്നതിനാലും തരിയോട് സമ്പൂര്‍ണ്ണ ഹരിത ഗ്രാമപഞ്ചായത്തായി പ്രഖ്യാപിച്ചു. പ്രസിഡന്റ് വി ജി ഷിബു ഒ ഡി എഫ് പ്ലസ് പ്രഖ്യാപനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഹരിതകര്‍മ്മ സേന അംഗങ്ങളെ വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീജ ആന്റണി ചടങ്ങില്‍ ആദരിച്ചു.
ശുചിത്വ മാലിന്യ പരിപാലന രംഗത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ 26 വില്ലേജുകള്‍ക്കാണ് ഓ ഡി എഫ് പ്ലസ് പദവി ലഭിച്ചത്. തരിയോട് ഗ്രാമപഞ്ചായത്തിലുള്ള രണ്ട് വില്ലേജുകളും ഇതില്‍ ഉള്‍പ്പെട്ടു എന്നത് തരിയോടിന് വലിയ നേട്ടമായി.
ആസാദി കാ അമൃദ് മഹോത്സവ് പരിപാടിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മെമ്പര്‍മാരായ വിജയന്‍ തോട്ടുങ്ങല്‍, പുഷ്പ മനോജ്, വല്‍സല നളിനാക്ഷന്‍, ഹരിത സഹായസംഘം പ്രതിനിധി രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.