ഭാരത് ബന്ദിന് തുടക്കം; കേരളത്തിലും ഇന്ന് ഹര്‍ത്താല്‍

0

കര്‍ഷകസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംയുക്ത കര്‍ഷക സമിതി കേരളത്തിലും ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതുഗതാഗതം ഏറെക്കുറെ പൂര്‍ണമായി സ്തംഭിക്കും. ഹര്‍ത്താലിന് എല്‍ഡിഎഫും യുഡിഎഫും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. പത്രം, പാല്‍, ആംബുലന്‍സ്, മരുന്നുവിതരണം, ആശുപത്രി, വിവാഹം, രോഗികളുടെ സഞ്ചാരം, മറ്റ് അവശ്യസര്‍വീസുകള്‍ എന്നിവയേയും ഒഴിവാക്കിയിട്ടുണ്ട്. സ്വകാര്യ ബസുകള്‍, ഓട്ടോടാക്സി എന്നിവ നിരത്തിലിറങ്ങില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കും. ട്രേഡ് യൂണിയനുകളും സമരത്തിന്റെ ഭാഗമാകുന്നതോടെ വ്യവസായ മേഖലയും പ്രവര്‍ത്തിക്കില്ല. സാധാരണ നിലയിലെ സര്‍വീസ് ഉണ്ടാവില്ലെന്ന് കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചു. പൊലീസിന്റെ നിര്‍ദ്ദേശപ്രകാരവും ആവശ്യം അനുസരിച്ചുംആശുപത്രികള്‍, റയില്‍വേ സ്റ്റേഷനുകള്‍, എയര്‍പോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ച് പ്രധാന റൂട്ടില്‍ പരിമിതമായ ലോക്കല്‍ സര്‍വീസുകള്‍ പൊലീസ് അകമ്പടിയോടെ നടത്തും. വൈകിട്ട് 6 മണിക്ക് ശേഷം ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഉണ്ടായിരിക്കും. ഹര്‍ത്താലിന് പിന്തുണയുമായി നഗര ഗ്രാമ കേന്ദ്രങ്ങളില്‍ അഞ്ചുലക്ഷം പേരെ അണിനിരത്തി എല്‍ഡിഎഫ് കര്‍ഷക ഐക്യദാര്‍ഢ്യ കൂട്ടായ്മ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അഞ്ചുപേരുള്ള ഗ്രൂപ്പായി തിരിഞ്ഞായിരിക്കും പരിപാടി. സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ രാജ്ഭവനു മുന്നില്‍ കര്‍ഷക ധര്‍ണയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി രാവിലെ എല്ലാ തെരുവിലും പ്രതിഷേധം ശൃംഖലയും സംഘടിപ്പിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!