മേപ്പാടി പഞ്ചായത്ത് ഇരുപത്തൊന്നാം വാര്‍ഡിലെ പഞ്ചമി – ചെമ്പോത്തറ റോഡ് വര്‍ഷങ്ങളായി തകര്‍ന്ന നിലയില്‍.4 വര്‍ഷം മുമ്പ് ടാറിങ്ങ് നടത്തിയ റോഡ് പ്രവൃത്തിയിലെ ക്രമക്കേട് മൂലം മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ തകര്‍ന്നു തുടങ്ങിയത് അന്ന് തന്നെ ആക്ഷേപങ്ങള്‍ക്കിടയാക്കിയിരുന്നു. ഇപ്പോള്‍ ഒരു വാഹനമോടിക്കാന്‍ കഴിയാത്ത ശോചനീയാവസ്ഥയിലാണ് റോഡ്.
രണ്ട് കിലോമീറ്ററില്‍പ്പരം ദൂരം വരുന്ന റോഡിന്റെ തുടക്കത്തില്‍ 100 മീറ്റര്‍ റീ ടാറിങ്ങ് നടത്തിയ ഭാഗം ഒഴിച്ച് ബാക്കിയുള്ള അത്രയും ദൂരം പൂര്‍ണ്ണമായും വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. 8ആദിവാസി കോളനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള റോഡാണിത്. ചെമ്പോത്തറയിലും പരിസരങ്ങളിലുമുള്ള ജനറല്‍ വിഭാഗത്തില്‍പ്പെട്ട നൂറു കണക്കിന് കുടുംബങ്ങളും മേപ്പാടി ടൗണുമായി ബന്ധപ്പെടാന്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ഇതു വഴി ഒരു വാഹനമോടിക്കുന്നത് സാഹസിക പ്രവൃത്തിയാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.ചെമ്പോത്തറ പ്രദേശത്തുള്ള നിരവധി സ്ത്രീകള്‍ ഇതുവഴി ഇരുചക്ര വാഹനങ്ങളോടിക്കുന്നവരാണ്. ഇരുചക്ര വാഹന യാത്രക്കാര്‍ വീണ് പരിക്കേറ്റ സംഭവങ്ങള്‍ നിരവധിയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.മുന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉള്‍പ്പടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള തുക അടക്കം 40 ലക്ഷം രൂപ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. എന്നാല്‍ അതിന്റെ ഭരണാനുമതി, സാങ്കേതികാനുമതി, മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ നടത്താന്‍ ആരും രംഗത്തിറങ്ങാത്തതിനാല്‍ പ്രവൃത്തി നടക്കുന്നില്ല എന്നാണ് പരാതി ഉയരുന്നത്.ഗ്രാമപഞ്ചായത്തധികൃതര്‍ ഉറക്കമുണര്‍ന്ന് റോഡ് നന്നാക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയര്‍ന്നിട്ടുള്ളത്.