നെല്ലിയമ്പം ഇരട്ട കൊലപാതകം:അര്‍ജുനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.
പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അര്‍ജുനെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും. മാനന്തവാടി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതിയിലാണ് കസ്റ്റഡി അപേക്ഷ നല്‍കുക. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെടുക.മാനന്തവാടി ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്ന പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതല്‍ ശാസ്ത്രീയ തെളിവുകളാണ് പൊലീസിന് ഇനി കണ്ടത്തേണ്ടത്.
ഇന്നലെയാണ് കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ അയല്‍വാസിയായ അര്‍ജുന്‍ അറസ്റ്റിലാകുന്നത്.
നേരത്തേ ചോദ്യം ചെയ്യാന്‍ വിളിച്ച പശ്ചാത്തലത്തില്‍ അര്‍ജുന്‍ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.കഴിഞ്ഞ ജൂണ്‍ 10നാണ് പനമരം നെല്ലിയമ്പത്ത് റിട്ടയേര്‍ഡ് അധ്യാപകനായ കേശവന്‍ മാസ്റ്ററും ഭാര്യ പത്മാവതിയമ്മയും കൊല്ലപ്പെട്ടത്. രാത്രി 8.30ഓടെയായിരുന്നു ദമ്പതികള്‍ ആക്രമണത്തിന് ഇരയായത്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവ സ്ഥലത്തുവച്ചുതന്നെ കേശവന്‍ മാസ്റ്റര്‍ മരിച്ചിരുന്നു.നെല്ലിയമ്പവും പനമരവും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ വിശദമായ അന്വേഷണം. ആയിരത്തോളം പേരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതായാണ് വിവരം. ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളുമടക്കം പരിശോധിച്ചായിരുന്നു അന്വേഷണം.