റേഷന്‍ കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം അടുത്ത മാസം മുടങ്ങിയേക്കും. മണ്ണെണ്ണ വില്‍ക്കാന്‍ റേഷന്‍ വ്യാപാരികള്‍ക്കു പ്രത്യേകം ലൈസന്‍സും മുറിയും നിര്‍ബന്ധമാക്കിയതോടെയാണിത്. നാലു വര്‍ഷത്തോളമായി ലൈസന്‍സ് പുതുക്കാത്തവരാണു സംസ്ഥാനത്തെ പതിനാലായിരത്തോളം റേഷന്‍ വ്യാപാരികളില്‍ ഭൂരിഭാഗവും. കുടിശിക ഉള്‍പ്പെടെ 1000 രൂപയിലേറെ ലൈസന്‍സ് പുതുക്കാനുള്ള ഫീസ് നല്‍കേണ്ടി വരും. മുറി വാടകയ്ക്ക് എടുക്കാനും പണം മുടക്കണം. ഈ സാഹചര്യത്തില്‍ ലൈസന്‍സ് പുതുക്കാന്‍ പല വ്യാപാരികളും മടിക്കുന്നതിനാല്‍ അടുത്ത മാസം മുതല്‍ മണ്ണെണ്ണ വിതരണം പ്രതിസന്ധിയിലായേക്കും.
കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതോടെ റേഷന്‍ സാധനങ്ങള്‍ വില്‍ക്കാനുള്ള പല ലൈസന്‍സുകളും ഉപേക്ഷിച്ചിരുന്നു. തുടര്‍ന്നു വ്യാപാരികളെല്ലാം ഭക്ഷ്യഭദ്രത ലൈസന്‍സ് നേടി. എന്നാല്‍, മണ്ണെണ്ണ വില്‍ക്കാനുള്ള ലൈസന്‍സ് നിര്‍ബന്ധമാണെന്നു ഡപ്യൂട്ടി റേഷനിങ് കണ്‍ട്രോളര്‍മാര്‍ അറിയിച്ചതോടെ പ്രതിസന്ധിയായി.