പ്ലസ് വണ്‍ ഓണ്‍ലൈന്‍ പരീക്ഷ പ്രായോഗികമല്ല, വേണ്ടത് എഴുത്ത് പരീക്ഷ.

0

പ്ലസ് വണ്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതിയിലാണ് കേരളം ഇത് സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിച്ചത്. എഴുത്തു പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
പരീക്ഷയ്ക്കായി എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഒരുക്കിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഏപ്രിലില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വിജയകരമായി നടത്തിയിരുന്നു. എഞ്ചിനീയറിങ് പരീക്ഷകളും വിജയകരമായി നടത്തി. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത് പ്രായോഗികമല്ല. മൊബൈല്‍ ഫോണ്‍ പോലും ലഭ്യമാകാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുണ്ടെന്നും ഓണ്‍ലൈന്‍ പരീക്ഷ തീരുമാനിച്ചാല്‍ അവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. പ്ലസ് വണ്‍ പരീക്ഷ നടത്തിയാല്‍ മാത്രമേ പ്ലസ് ടു കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുകയുള്ളു. അതിനാല്‍ എഴുത്തു പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ പൊതുതാല്‍പര്യഹര്‍ജികള്‍ തള്ളണമെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കൊവിഡ് ബാധിതരായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കുമെന്നും സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഉറപ്പ് നല്‍കി. ഒരു വിദ്യാര്‍ത്ഥിക്ക് പോലും രോഗബാധയുണ്ടാകാന്‍ കഴിയാത്ത രീതിയില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.മൂന്നാം തരംഗം ഒക്ടോബറില്‍ വരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. അതിനാല്‍ ഈമാസം അവസാനത്തിന് മുന്‍പ് പരീക്ഷ നടത്താന്‍ തയാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ലഭ്യത അടക്കം പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം തടയാന്‍ എഴുത്തുപരീക്ഷയാണ് അഭികാമ്യം.പൊതുതാല്‍പര്യഹര്‍ജികള്‍ തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!