തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റ്
തലപ്പുഴ കമ്പമല എസ്റ്റേറ്റില്‍ മാവോവാദികളെത്തി പോസ്റ്ററുകളും ബാനറുകളും പതിച്ചു. രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമടങ്ങിയ ആയുധധാരികളാണ് എത്തിയത്. മാവോ സംഘത്തില്‍ ചേര്‍ന്ന മക്കിമല അത്തിമല കോളനിയിലെ ജിഷയും സംഘത്തില്‍. പ്രദേശവാസിയായ ജിഷ പൊതു മദ്ധ്യത്തില്‍ ഇറങ്ങുന്നതും മാവോവാദികള്‍ ബാനര്‍ കെട്ടുന്നതും ഇത് ആദ്യം.സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്‌ക്കരിക്കണമെന്നാവശ്യം.രാജ്യത്തിന് കിട്ടിയത് യഥാര്‍ത്ഥ സ്വാതന്ത്ര്യമല്ലെന്നും പരോക്ഷ അടിമത്വത്തിനുള്ള സ്വാതന്ത്രമെന്നും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിനായി പൊരുതുകയെന്നും ബാനറില്‍.
കമ്പമല തോട്ടത്തിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നും വാസയോഗ്യമായ പാടികള്‍ നിര്‍മ്മിച്ചു നല്‍കണമെന്നും പോസ്റ്ററില്‍ ആവശ്യം. തിരുത്തല്‍ വാദം, യു.എ.പി.എ, അടിമത്വത്തെ വേരോടെ പിഴുതെറിയുകയെന്നും പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. രണ്ട് മണിയോടെ എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ബാനര്‍ കെട്ടി പോസ്റ്റര്‍ പതിച്ച ശേഷം സംഘം മടങ്ങുകയും ചെയ്തു. സി.പി.ഐ. മാവോയിസ്റ്റ് എന്ന പേരിലാണ് പോസ്റ്ററുകള്‍. ജില്ലയില്‍ തന്നെ ആദ്യമായാണ് മാവോ സംഘം ബാനര്‍ കെട്ടുന്നത്. കൂടാതെ മാവോ സംഘത്തില്‍ ചേര്‍ന്ന മക്കിമല അത്തിമല കോളനിയിലെ ജിഷ യൂണിഫോം അണിഞ്ഞ് പൊതു മദ്ധ്യത്തില്‍ പ്രത്യക്ഷപെടുന്നതും ആദ്യമായാണ്. മാനന്തവാടി ഡി.വൈ.എസ്.പി.ചന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി തൊഴിലാളികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേ ദിവസവും കൂടാതെ കമ്പമല എസ്റ്റേറ്റില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ നില നില്‍കുന്ന സാഹചര്യത്തില്‍ പട്ടാപകല്‍ മാവോ സംഘമെത്തിയത് പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.