പുന്നശ്ശേരിയില്‍ ഇനി പഠനം മുടങ്ങില്ല

0

തവിഞ്ഞാല്‍ പഞ്ചായത്തിലെ പുന്നശ്ശേരി ആദിവാസി കോളനിയിലുള്ള കുട്ടികള്‍ക്ക് ഇനി ഓണ്‍ലൈന്‍ പഠനം മുടങ്ങില്ല. സന്നദ്ധ സംഘടനയായ ചെന്നലോട് ട്ടോട്ടം റിസോഴ്‌സ് സെന്ററും, മീനങ്ങാടി പോളിടെക്‌നിക്കിലെ വിദ്യാര്‍ഥികളും ചേര്‍ന്ന് പുന്നശ്ശേരിയിലെ പഠനകേന്ദ്രത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് സൗരോര്‍ജ്ജമെത്തിച്ച് നല്‍കി.വൈദ്യുതിയില്ലാത്തതിനാല്‍ പുന്നശ്ശേരി കോളനിയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനം തടസമാകുന്നുവെന്ന വാര്‍ത്ത വയനാട് വിഷന്‍  റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇതേ തുടര്‍ന്നാണ്  ട്ടോട്ടം റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തകര്‍ കോളനിയിലെത്തി സോളാര്‍ പാനല്‍ സ്ഥാപിച്ച് ആവശ്യമായ സൗകര്യമൊരുക്കി നല്‍കിയത്.ഒന്നു മുതല്‍ ഡിഗ്രി വരെ പഠിക്കുന്ന 22 വിദ്യാര്‍ഥികള്‍ ഇവിടെയുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറിയതോടെയാണ് ഇവിടെയുള്ള കുട്ടികള്‍ ുദ്ധിമുട്ടിലായത്. ഈ കോളനിയിലെ പകുതിയിലേറെ കുടുംങ്ങള്‍ക്കും മൊബൈല്‍ ഫോണുകള്‍ കൈവശമുണ്ട്. എന്നാല്‍ വൈദ്യുതിയില്ലാത്തതിനാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുട്ടികള്‍ പ്രയാസപ്പെട്ടിരുന്നു. കുട്ടികള്‍ക്ക് പഠിക്കാനായി കോളനിവാസികള്‍ എല്ലാവരും ചേര്‍ന്ന് ഇവിടെ ഒരു പഠനകേന്ദ്രം നിര്‍മിച്ചിരുന്നു. മണ്‍കട്ട കൊണ്ടു ഭിത്തികെട്ടി മേല്‍ക്കൂര ഷീറ്റ് മേഞ്ഞ് രണ്ടു മുറിയുള്ള പഠനകേന്ദ്രമാണ് നിര്‍മിച്ചത്.  എന്നാല്‍ ഈ പഠനകേന്ദ്രത്തില്‍ വൈദ്യുതിയും മറ്റ് സൗകര്യങ്ങളും ഉണ്ടായിരുന്നില്ല.  വാര്‍ത്തയെ തുടര്‍ന്ന് വൈദ്യുതിയെത്തിക്കാന്‍ ജനപ്രതിനിധികളും പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് കോളനിവാസികള്‍ക്ക് ആശ്വാസമേകി ട്ടോട്ടം റിസോഴ്‌സ് സെന്ററിന്റെ പ്രവര്‍ത്തകരും പോളിടെക്‌നിക്ക് വിദ്യാര്‍ഥികളും ഇവിടെയെത്തിയത്.പഠനകേന്ദ്രത്തിന്റെ ചുമരുകള്‍ ആകര്‍ഷകമായ രീതിയില്‍ ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കി.ഇവിടെ ഉടന്‍ ടെലിവിഷനും മറ്റു അനുബന്ധ സംവിധാനങ്ങളും എത്തിക്കും.വിശാലമായ ലൈബ്രറിയും ഒരുക്കുമെന്ന് ടോട്ടം റിസോഴ്‌സ് സെന്റര്‍ സെക്രട്ടറി ജയ് ശ്രീകുമാര്‍ പറഞ്ഞു.കൂടാതെ കരിയര്‍ ഡവലപ്പ്‌മെന്റ് സെന്ററും തുടങ്ങും.60,000 രൂപയിലേറെ മുടക്കിയാണ് സോളാര്‍ പാനലും മറ്റ് സൗകര്യങ്ങളും ഒരുക്കിയത്.. മീനങ്ങാടി പോളിടെക്‌നിക്കിലെ ഇലക്ട്രോണിക്‌സ് ആന്റ് ഇലക്ട്രിക്കല്‍ വിഭാഗം അവസാന വര്‍ഷ വിദ്യാര്‍ഥികളുടെ പ്രൊജക്ടിന്റെ ഭാഗമായാണ് പുന്നശ്ശേരിയിലെ പഠന കേന്ദ്രത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത്. ഇതിനായി14 വിദ്യാര്‍ഥികളാണ് ഇവിടെയെത്തിയത്.സോനാല്‍ സുരേഷ്, മുഹമ്മദ് ഫായിസ്, എം.ആദിത്യ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!