സ്പന്ദനം മാനന്തവാടി സമൂഹ വിവാഹം നടത്തും 

0

ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യമായ സ്പന്ദനം മാനന്തവാടി 2022 ഫെബ്രുവരിയില്‍ സമൂഹ വിവാഹം നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സ്പന്ദനം മുഖ്യ രക്ഷാധികാരിയും റിഷി ഗ്രൂപ്പ് സിഇഒയും ആയ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്തിന്റെ മക്കളുടെ വിവാഹത്തോടനുബന്ധിച്ചാണ് 15 വിവാഹം നടത്തുക. . ആര്‍ഭാടരഹിതമായാണ് ഈ വിവാഹങ്ങള്‍ നടക്കുക.സ്ത്രീധന വിപത്തിനെതിരായ ശബ്ദം ഉയര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ വിവാഹം ഒരുക്കുന്നത്.

സമൂഹ വിവാഹത്തിന് മുന്‍പും പിന്‍പും ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീധന വിരുദ്ധ ക്യാംപയിനും നടത്തും.ഫെബ്രുവരി ആദ്യവാരം നടക്കുന്ന സമൂഹ വിവാഹത്തിന് അര്‍ഹരായവര്‍ ഓഗസ്റ്റ് 31നകം മാനന്തവാടി സ്പന്ദനം ഓഫിസില്‍ അപേക്ഷ നല്‍കണം. അതാത് മതാചാരപ്രകാരമാണ് ചടങ്ങുകള്‍ നടത്തുക. വയനാട് ജില്ലയിലും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്കും അപേക്ഷിയ്ക്കാം. വധൂവരന്‍മാര്‍ക്ക് വേണ്ട വസ്ത്രങ്ങളും ആഭരണങ്ങളും സ്പന്ദനം നല്‍കും. വിവാഹ സദ്യയും ഒരുക്കും. സ്ത്രീധന വിരുദ്ധ ക്യാംപയിന്റെ ഭാഗമായി നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മത, രാഷ്ടീയ, വ്യവസായ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.  16 വര്‍ഷമായി വയനാട്ടിലെ ജീവകാരുണ്യ രംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന സ്പന്ദനം കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍ 2 കോടിയിലേറെ രൂപയുടെ കാരുണ്യ പദ്ധതികളാണ് നടപ്പിലാക്കിയത്. പുതിയ പദ്ധതികള്‍ ചടങ്ങില്‍ പ്രഖ്യാപിക്കും. സമൂഹ വിവാഹം സബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് 8281149074, 9947666956, 9495741740 എന്നീ നമ്പറുകളില്‍ ലഭിയ്ക്കും. വടക്കേ വയനാട്ടില്‍ നടക്കുന്ന ഏറ്റവും വലിയ സമൂഹ വിവാഹത്തിലൂടെ സ്ത്രീധന വിപത്തിനെതിരായ സന്ദേശം ജനങ്ങളില്‍ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികളായ പ്രസിഡന്റ് ഡോ. ഗോകുല്‍ദേവ്, സെക്രട്ടറി പി.സി. ജോണ്‍, സമൂഹവിവാഹ  സംഘാടക സമിതി ചെയര്‍മാന്‍ ഫാ. വര്‍ഗീസ് മറ്റമന, കണ്‍വീനര്‍ കൈപ്പണി ഇബ്രാഹിം ഹാജി, ഡയറക്ടര്‍ ബാബു ഫിലിപ്പ്, പിആര്‍ഒ കെ.എം. ഷിനോജ് എന്നിവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!