കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റില്ലെന്ന് ഗതാഗതമന്ത്രി. നിലവിലെ ഗതാഗത ചട്ടം അനുസരിച്ച് സര്‍ക്കാര്‍ അനുമതിയോടെ വാഹനങ്ങളില്‍ പരസ്യം പതിക്കാനാകും. പൊതുമേഖലാ സ്ഥാപനമായ കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. റിവ്യൂ ഹര്‍ജി നല്‍കി ഇക്കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെടുത്തുമെന്നും ആന്റണി രാജു തിരുവനന്തപുരത്ത് പറഞ്ഞു. കെഎസ്ആടിസി ബസുകളില്‍ പരസ്യങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും നിലവില്‍ പതിച്ചിട്ടുള്ള പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം പരസ്യങ്ങള്‍ പാടില്ല. പരസ്യങ്ങള്‍ എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കുന്നതായും ഇത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കിജസ്റ്റിസുമാരായ അനില്‍.കെ.നരേന്ദ്രന്‍, പി.ജി.അജിത്കുമാര്‍ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഉത്തരവിട്ടത്.കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് കോര്‍പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. ബസുകളില്‍ പരസ്യം പതിക്കാന്‍ അനുവദിക്കുന്നതിലൂടെ വര്‍ഷം, 1 കോടി 80 ലക്ഷം രൂപ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നുണ്ട്. ഉത്തരവ് നടപ്പാക്കുന്നത് നഷ്ടമുണ്ടാക്കുമെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി. നമ്മള്‍ മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.