ജില്ലയില്‍ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി റേറ്റില്‍ നേരിയ വര്‍ദ്ധനവ് വന്ന സാഹചര്യത്തില്‍ സി,ഡി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡോ.അര്‍വിന്ദ് സുകുമാര്‍ ഐ.പി.എസ് അറിയിച്ചു. സി,ഡി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളില്‍ ഒരു കാരണവശാലും പൊതു ഗതാഗതം അനുവദിക്കുകയില്ല.
അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഓട്ടോ/ടാക്സി വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പാടുള്ളതല്ല. എ,ബി കാറ്റഗറിയില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന കെഎസ്ആര്‍ടിസി/സ്വകാര്യ ബസുകള്‍ സി,ഡി കാറ്റഗറിയില്‍പ്പെട്ട പ്രദേശങ്ങളിലൂടെ പോകുമ്പോള്‍ സ്റ്റോപ്പുകളില്‍ നിന്നും ആളുകളെ കയറ്റുവാനോ,ഇറക്കുവാനോ പാടുള്ളതല്ല. ഇത്തരത്തില്‍ ആളുകളെ കയറ്റുന്നതും ഇറക്കുന്നതും ശ്രദ്ദയില്‍പ്പെട്ടാല്‍ കര്‍ശന നിയമ നടപടി കൈക്കൊള്ളാന്‍ എല്ലാ സബ്ബ് ഡിവിഷന്‍ ഡിവൈഎസ്പിമാര്‍ക്കും എസ്എച്ഒമാര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും ജില്ലാ പോലീസ് അറിയിച്ചു.