കോഴി മാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റിനെന്ന തീരുമാനത്തിനെതിരെ കോഴി കച്ചവടക്കാരുടെ പ്രതിഷേധം നിലനില്‍ക്കുമ്പോഴും പ്രശ്‌നപരിഹാരത്തിനായി നാളെ കോഴി കച്ചവടക്കാരുമായി ജില്ലാ ഭരണകൂടം ചര്‍ച്ച നടത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കലക്ട്രേറ്റിലാണ് ചര്‍ച്ച. 2020 ഡിസംബര്‍ 15 നാണ് മാലിന്യങ്ങള്‍ റെന്ററിംഗ് പ്ലാന്റുകള്‍ക്കെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവിറങ്ങിയത്.
കോഴി മാലിന്യങ്ങള്‍ പന്നിഫാമുകള്‍ക്ക് നല്‍കരുതെന്ന സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിറക്കിയത് 2020 ഡിസംബര്‍ 15 ന്. കോഴി മാലിന്യങ്ങള്‍ മാത്രമല്ല അറവ് മാലിന്യങ്ങള്‍ ഉള്‍പ്പെടെ സംസ്‌കരണത്തിനായി നല്‍കേണ്ടത് അതാത് ജില്ലകളിലെ റെന്ററിംഗ് പ്ലാന്റുകള്‍ക്കാണെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്. ശുചിത്വ മിഷനും മലിനീകരണ നിയന്ത്രണ ബോര്‍ഡുമാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ചു വരുന്ന മുട്ടിലിലെ പ്ലാന്റിലേക്കാണ് കച്ചവടക്കാര്‍ കോഴി മാലിന്യങ്ങള്‍ നല്‍കേണ്ടത്.ഇത്തരത്തില്‍ പ്ലാന്റുകാര്‍ മാലിന്യങ്ങള്‍ ശേഖരിക്കുമ്പോള്‍ കച്ചവടക്കാര്‍ 5 രൂപ മുതല്‍ 8 രൂപ വരെ പ്ലാന്റുകാര്‍ക്ക് നല്‍കണമെന്ന വ്യവസ്ഥയാണ് ഇപ്പോള്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുള്ളത്. തുക നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കച്ചവടക്കാര്‍.എന്നാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ട് പോകണമെങ്കില്‍ തുക കിട്ടിയേ തീരൂ എന്ന നിലപാടിലുമാണ് പ്ലാന്റ് അധികൃതര്‍. എന്തായാലും ജില്ലാ ഭരണകൂടം നാളെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ചയിലാണ് കോഴി കച്ചവടകാരുടെയും പ്ലാന്റ് അധികൃതരുടെയും പ്രതീക്ഷ.