തലപ്പുഴ മക്കിമല ഗവ:എല്‍.പി.സ്‌ക്കൂള്‍ യു.പി.സ്‌ക്കൂള്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തം
ഏറെ പിന്നോക്ക പ്രദേശമായ മക്കിമലയില്‍ 1981 ലാണ് എല്‍.പി.സ്‌ക്കൂള്‍ നിലവില്‍ വന്നത്. ഭൂരിഭാഗവും പട്ടിക വര്‍ഗ്ഗ, പട്ടികജാതി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തിവരുന്നത്.ഉപരിപഠനത്തിനാകട്ടെ 7 കിലോമീറ്റര്‍ താണ്ടി തലപ്പുഴയിലെത്തണം.വാഹന സൗകര്യവും പരിമിതമാണ്.അതുകൊണ്ട് തന്നെ നാലാം ക്ലാസ്സ് കഴിഞ്ഞാല്‍ മിക്ക വിദ്യാര്‍ത്ഥികളും പഠനം നിര്‍ത്തി പോകുന്ന സാഹചര്യവുമാണ്. കൂടാതെ പ്രദേശത്തെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂള്‍ ഉള്‍പ്പെടെ രണ്ട് എല്‍.പി.സ്‌ക്കൂളും നിലവിലുണ്ട്.അതുകൊണ്ട് തന്നെ ഇവിടങ്ങളിലെ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ട അവസ്ഥയാണ്.2018 ലെ ഉരുള്‍പ്പെട്ടലിന് ശേഷം ഒ.ആര്‍.കേളു എം.എല്‍.എ മുന്‍കൈ എടുത്ത് ഒരു കോടിയില്‍പരം രൂപ ചിലവഴിച്ച് മനോഹരമായ രണ്ട് നില കെട്ടിടവും പണി പൂര്‍ത്തിയായി കഴിഞ്ഞു.കെട്ടിടത്തിന് പുറമെ യു.പി.സ്‌ക്കൂളിന് വേണ്ട മറ്റ് ഭൗതിക സഹചര്യങ്ങളും നിലവിലുണ്ട്. അത് കൊണ്ട് തന്നെ മറ്റ് രണ്ട് സ്‌കൂളുകള്‍ എല്‍.പി. ആയി നിലനിര്‍ത്തി മക്കിമല എല്‍.പി.സ്‌ക്കൂള്‍ യു.പി.വിഭാഗം സ്‌ക്കൂള്‍ മാത്രമായി ഉയര്‍ത്തണമെന്നാണ് പി.ടി.എ.യുടെയും പ്രദേശവാസികളുടെയും ആവശ്യം.യു.പി.യായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ടി.എ കമ്മിറ്റി എം.എല്‍.എ,വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.