സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നതടക്കം ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന അവലോകനയോഗത്തില്‍ തീരുമാനമുണ്ടാകും. അതേസമയം, തിയേറ്ററുകളും മാളുകളും തുറക്കുന്നത് ഇനിയും നീളും.
ആരാധനാലയങ്ങള്‍ തുറക്കാന്‍ മത-സാമുദായിക സംഘടനകളും പ്രതിപക്ഷവും ശക്തമായ സമ്മര്‍ദമാണ് ഉയര്‍ത്തുന്നത്. ബാറുകളും ബിവറേജുകളും തുറന്നിട്ടും ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നതുയര്‍ത്തിയാണ് വിമര്‍ശനങ്ങളധികവും. ശക്തമായ കോവിഡ് പ്രോട്ടോക്കോള്‍ നിശ്ചയിച്ച് നിശ്ചിത ആളുകളെ മാത്രം പ്രവേശിപ്പിക്കുന്ന രീതിയില്‍ ഇളവുകള്‍ നല്‍കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ വിദഗ്ധര്‍ക്കിടയില്‍ രണ്ടഭിപ്രായമുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നയപരമായ തീരുമാനം എടുക്കും.
ആളുകള്‍ കൂടുന്ന തിയേറ്ററുകളും മാളുകളും തുറക്കുന്നത് നീളും. ജിമ്മുകളും പാര്‍ക്കുകളും ബീച്ചുകളും തല്‍സ്ഥിതി തുടരാനാണ് സാധ്യത. എന്നാല്‍ ആഭ്യന്തര ടൂറിസം, ജിമ്മുകള്‍ എന്നിവ തുറക്കണമെന്ന ആവശ്യം ശക്തമാണ്. ബസ് സര്‍വീസടക്കം അന്തര്‍ജില്ലാ യാത്രകള്‍ക്ക് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കിയേക്കും.
കടകള്‍ തുറക്കുന്നതിന് സമയം നീട്ടി നല്‍കാനിടയുണ്ട്. നിലവില്‍ 7 മണി വരെ മാത്രം പ്രവര്‍ത്തിക്കാനനുമതി നല്‍കുന്നത് ഹോട്ടലുകളടക്കം കടയുടമകള്‍ക്ക് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം ശക്തമാണ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോയെന്നതും നിര്‍ണായകം. തട്ടുകളുടെ അനുമതിയും പ്രധാനം.
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിന് താഴെയെത്തിയ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ വരുന്നത്. സംസ്ഥാനവ്യാപക ലോക്ക്ഡൗണ്‍ പിന്‍വലിച്ച് പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം അതിതീവ്ര വ്യാപനമുള്ള സ്ഥലങ്ങള്‍ കുറഞ്ഞതും ഭാഗിക നിയന്ത്രണങ്ങളുള്ളിടത്ത് വ്യാപനം കുറയുന്നതും ഗുണകരമായി. ഇളവുകളില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് തീരുമാനമെടുക്കും.