മാവോവാദികള്‍ ബൈക്ക് കത്തിച്ച കേസ് വിചാരണ നാളെ തുടങ്ങും

0

നിരവില്‍പുഴ മട്ടിലയത്ത് മാവോവാദികള്‍ ബൈക്ക് കത്തിച്ച കേസ് വിചാരണ എറണാകുളത്തെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ നാളെ തുടങ്ങും.പോലീസ് ഉദ്യോഗസ്ഥന്റെ വീട് ആക്രമിച്ച്, ബൈക്ക് കത്തിച്ച കേസിലാണ് വിചാരണ തുടങ്ങുന്നത്. മാവോവാദി നേതാക്കളായ രൂപേഷ് ,അനൂപ്, മാത്യു, ബാബു ,ഇബ്രാഹിം ,കന്യക എന്നിവരാണ് വിചാരണ നേരിടുന്നത്. മറ്റു പ്രതികളായ മഹേഷ്, സുന്ദരി എന്നിവര്‍ ഒളിവിലാണ്. ആദ്യ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന രാജേഷിനെ മാപ്പുസാക്ഷിയാക്കിയാണ് വിചാരണ ആരംഭിക്കുന്നത്.

പേരു വിവരങ്ങള്‍ പുറത്തുവിടാത്ത എട്ട് സംരക്ഷിത സാക്ഷികള്‍ അടക്കം 50സാക്ഷികളെ കോടതി വിസ്തരിക്കും. പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സായുധസംഘം മോട്ടോര്‍സൈക്കിള്‍ കത്തിച്ചെന്നാണ് കേസ്. പ്രതികള്‍ എ.കെ 47 തോക്കുകള്‍ അടക്കമുള്ള ആയുധങ്ങളുമായി 2014 ഏപ്രിലിലാണ് സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ജോലി ഉപേക്ഷിക്കാന്‍ ഭീഷണിപ്പെടുത്തുകയും ശേഷം ബൈക്ക് കത്തിച്ചു എന്നുമാണ് കേസ്.പ്രദേശത്തെ ജനങ്ങളുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പ്രമോദ് ഈ മേഖലയിലെ മാവോവാദികളെ കുറിച്ച് വിവരം ശേഖരിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. വെള്ളമുണ്ടപൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!