ഡിവൈഎഫ്‌ഐ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കമ്മറ്റിയുടെ സാമൂഹ്യ അടുക്കള 27ദിവസം പിന്നിടുമ്പോള്‍ 13000 ത്തിലധികം ആളുകള്‍ക്കാണ് നാളിതുവരെ രാവിലെയും,ഉച്ചക്കും, രാത്രിയുമായി ഭക്ഷണം സൗജന്യമായി നല്‍കിയത്. ഒരാളുപോലും പട്ടിണി കിടക്കരുത് എന്ന മഹാസന്ദേശത്തിന്റെ ഭാഗമായാണ് വ്യത്യസ്ഥമായ ക്യാമ്പയിനുമായി ഡിവൈഎഫ്‌ഐ മുന്നോട്ട് വന്നത്.
സുല്‍ത്താന്‍ ബത്തേരി CFLTC, മീനങ്ങാടി DCC, ചുള്ളിയോട് DCC,നെന്‍മേനി DCC, അമ്പലവയല്‍ DCC, തോമാട്ടുചാല്‍ DCC, ചീരാല്‍ DCC എന്നിവിടങ്ങളിലെ കോവിഡ് രോഗികള്‍ക്കും,ബത്തേരി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ഭക്ഷണമില്ലാതെ പ്രയാസപ്പെടുന്നവര്‍, ദീര്‍ഘദൂര ചരക്ക് ലോറിക്കാര്‍ക്ക് രാത്രി ഭക്ഷണം എന്നിങ്ങനെയായിരുന്നു ഭക്ഷണ വിതരണം. മെയ് 21 നാണ് ബത്തേരി-കട്ടയാട് റോഡിലെ അബ്ദുള്ള മുറിച്ചാണ്ടിയുടെ മുറിച്ചാണ്ടി ഹോട്ടലില്‍ ഡിവൈഎഫ്‌ഐ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചത്. ബത്തേരിയിലെ വ്യാപാരികള്‍, മറ്റ് മഹത് വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ സാമ്പത്തികമായും അരിയും, പച്ചക്കറികളും നല്‍കി പ്രവര്‍ത്തനത്തെ സഹായിച്ചു.സാമ്പത്തിക ബാദ്ധ്യതയിലേക്ക് കിച്ചണ്‍ പോകുന്ന ഘട്ടത്തില്‍ ബിരിയാണിചലഞ്ച് നടത്തി കമ്മ്യൂണിറ്റി കിച്ചണാവശ്യമായ പണം കണ്ടെത്തി .ലോക്ക് ഡൗണിന്റെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്ന പശ്ചാത്തലത്തിലാണ് സാമൂഹ്യ അടുക്കളയുടെപ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തി വെക്കുന്നത് എന്ന് ബ്ലോക്ക് ഭാരവാഹികള്‍ അറിയിച്ചു.