ജില്ലയില്‍ ഇനി ആര്‍ടിപിസിആര്‍ മാത്രം

0

കോവിഡ് വാക്‌സിനേഷനില്‍ മുന്നിലുള്ള 6 ജില്ലകളില്‍ ഇനി ആര്‍ടിപിസിആര്‍ പരിശോധന മാത്രം മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. വാക്‌സിനേഷന്‍ 80% പിന്നിട്ട വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലും 80 ശതമാനത്തോട് അടുത്ത തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകളിലുമാണിത്.

തൊഴിലാളികളും വ്യാപാരികളും ഉള്‍പ്പെടെ വിവിധ മേഖലകളിലുള്ളവരില്‍ ആന്റിജന്‍ കിറ്റ് ഉപയോഗിച്ചു നടത്തിയിരുന്ന സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധന ഈ ജില്ലകളില്‍ ഇനിയില്ല. 6 ജില്ലകളിലും രോഗലക്ഷണം ഉള്ളവരെയും സമ്പര്‍ക്ക പട്ടികയിലുള്ളവരെയും മാത്രമാകും ഇനി പരിശോധിക്കുക. അതേസമയം, ആശുപത്രികളില്‍ ചികിത്സയ്ക്കു പ്രവേശിക്കുന്നവര്‍ക്കുള്ള ആന്റിജന്‍ പരിശോധന തുടരും. സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനയ്ക്കും തടസ്സമില്ല.

എല്ലാ ജില്ലകളിലും ആര്‍ടിപിസിആര്‍ പരിശോധന കൂട്ടാനും അവലോകന യോഗത്തില്‍ തീരുമാനിച്ചെങ്കിലും ഇതിന്റെ പ്രായോഗികതയില്‍ വിദഗ്ധര്‍ക്കു സംശയമുണ്ട്. പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നു മുഖ്യമന്ത്രി ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇന്നലെ 1,60,152 സാംപിളുകളില്‍ ആര്‍ടിപിസിആര്‍ 54,728 മാത്രമാണ്. തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ ആര്‍ടിപിസിആര്‍ പരിശോധന മാത്രമാണുള്ളത്.

ഇതര സംസ്ഥാനങ്ങളിലെല്ലാം പുതിയ മെഷീനുകള്‍ സ്ഥാപിച്ച് ഈ പരിശോധനയുടെ ഫലം 3 മണിക്കൂറിനുള്ളില്‍ ലഭ്യമാക്കുന്നെങ്കിലും കേരളത്തില്‍ 6 മണിക്കൂറെങ്കിലും കാത്തിരുന്നാലേ ഫലം ലഭിക്കൂ. 18 വയസ്സുകഴിഞ്ഞ എല്ലാവര്‍ക്കും ഈ മാസം 30ന് അകം ആദ്യ ഡോസ് വാക്‌സീന്‍ നല്‍കുമെന്നു മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!