വ്യാജ രേഖകള്‍ ചമച്ചതിന് മൂന്ന് റവന്യു ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

0

വൈത്തിരിയില്‍ കെട്ടിട നിര്‍മ്മാണത്തിന് വ്യാജ കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചമച്ചതിന്  തഹസില്‍ദാരടക്കം റവന്യു ജീവനകാര്‍ക്ക് സസ്‌പെന്‍ഷന്‍.വൈത്തിരി മുന്‍ തഹസീല്‍ദാര്‍ ബി.അഫ്സല്‍, ഡെപ്യുട്ടി തഹസീല്‍ദാര്‍ കെ.ജി.രണകുമാര്‍, സെക്ഷന്‍ ക്ലര്‍ക്ക് എ.പി.സുജേഷ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത് .ഭൂപരിഷ്‌ക്കരണ നിയമവുമായി ബന്ധപ്പെട്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിച്ചതിനാണ് നടപടി.

നിലവില്‍ കണ്ണൂര്‍ തലശ്ശേരി തഹസില്‍ദാരായി(എല്‍.എ.)ജോലിചെയ്യുന്ന ബി. അഫ്സലിനെ ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ നേരിട്ടും മറ്റുള്ളവരെ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. ബി. അഫ്സലിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കളക്ടര്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറോട് ശുപാര്‍ശ ചെയ്തിരുന്നു.തഹസില്‍ദാരുടെ അധികാരങ്ങള്‍ ദുര്‍വിനിയോഗം ചെയ്ത് കെ.എല്‍.ആറില്‍ ഉള്‍പ്പെട്ട ഭൂമികള്‍ക്ക് അതല്ലെന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെത്തുടര്‍ന്നാണ് നടപടി. വൈത്തിരി പഞ്ചായത്തില്‍ നിന്ന് വ്യാജ കെ.എല്‍.ആര്‍. സര്‍ട്ടിഫിക്കറ്റുകളാണെന്ന് സംശയം ഉന്നയിച്ച് രണ്ടു ഫയലുകള്‍ താലൂക്ക് ഓഫീസിലേക്ക് മടക്കിയതാണ് വഴിത്തിരിവായത്. ഇതില്‍ ഒരു ഫയല്‍ വ്യാജമാണെന്നും മറ്റേത് തഹസില്‍ദാര്‍ വ്യാജസാക്ഷ്യത്തോടെ അനുവദിച്ചതാണെന്നും വ്യക്തമായി.2021 ഫെബ്രുവരി വരെ വൈത്തിരി ഭൂരേഖാ തഹസില്‍ദാറായിരുന്ന ബി. അഫ്സലാണ് ഈ സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പുവെച്ചിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിലും ബി. അഫ്സലിന്റെ ഒപ്പുതന്നെയാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ ഉദ്യോഗസ്ഥന്‍ കണ്ണൂര്‍ ജില്ലയിലേക്ക് സ്ഥലംമാറിപ്പോവുകയായിരുന്നു.

തുടര്‍ന്ന് റവന്യൂവകുപ്പിലെ പ്രത്യേക അന്വേഷണ സംഘവും നിലവിലെ വൈത്തിരി ഭൂരേഖാ തഹസില്‍ദാരും നടത്തിയ അന്വേഷണത്തില്‍ ബി. അഫ്സല്‍ വൈത്തിരി ഭൂരേഖാ വിഭാഗം തഹസില്‍ദാരായി പ്രവര്‍ത്തിച്ച കാലയളവില്‍ സമാനമായ കൂടുതല്‍ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തി.മൂന്ന് ഭൂരേഖകളില്‍ വ്യാജ കെ.എല്‍.ആര്‍. സാക്ഷ്യപത്രം നല്‍കിയതായി കണ്ടെത്തി. സാധാരണ നടപടിക്രമങ്ങളെ മറികടന്ന് തഹസില്‍ദാര്‍ കെ.എല്‍.ആര്‍. സാക്ഷ്യപത്രങ്ങളില്‍ അന്തിമതീരുമാനമെടുക്കുമെന്ന് ഉത്തരവിറക്കിയായിരുന്നു നടപടി. ഈ ഉത്തരവും അസാധാരണമാണെന്നും ക്രമക്കേടിന് പശ്ചാത്തലമൊരുക്കുകയായിരുന്നുവെന്നും അന്വേഷണസംഘം പറയുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.നിലവില്‍ ബത്തേരി ഡെപ്യൂട്ടി തഹസില്‍ദാരായ കെ.ജി. രണകുമാര്‍ ക്രമക്കേടുകള്‍ നടന്നകാലത്ത് വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാരായിരുന്നു. എ.പി. സിജേഷ് കുമാറായിരുന്നു ഈ വിഭാഗത്തിലെ സെക്ഷന്‍ ക്ലാര്‍ക്ക്. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തിന് സെക്ഷന്‍ ക്ലാര്‍ക്കും വഴങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!