ദേശീയ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക

0

ദേശീയ വിദ്യാഭ്യാസ നയ (NEP) ത്തിന് അനുസ്യതമായി നമ്മുടെ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ തയ്യാറാവണമെന്ന് സി.ബി.എസ്.ഇ സ്‌കൂള്‍സ് കൗണ്‍സില്‍ ദേശീയ പ്രസിണ്ടന്റ് ഡോ. ഇന്ദിരാ രാജന്‍ ആവശ്യപ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയം (National Education Policy 2020) പ്രാബല്യത്തില്‍ വരുന്നതോട് കൂടി സമൂലമായ പരിവര്‍ത്തനമാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവുക. അന്താരാഷ്ട്ര നിലവാരത്തിലേക്ക് നമ്മുടെ വിദ്യാഭ്യാസ സംവിധാനം ഉയരുകയാണ്. കേവല മാര്‍ക്കുകള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളുടെ നൈപുണ്യവികസനത്തിന് ഊന്നല്‍ നല്‍കും. എല്ലാ ഉപരിപഠന മേഖലകളിലും പൊതുപ്രവേശന പരീക്ഷകള്‍ നിര്‍ബന്ധമാവും.

അത് കൊണ്ട് തന്നെ ദേശീയ കരിക്കുലത്തിന് പ്രാധാന്യം നല്‍കി , ഗുണമേന്‍മ ഉറപ്പു വരുത്തി. വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാന്‍ നമുക്ക് സാധിക്കണം. വയനാട് ജില്ല സി. ബി.എസ്.ഇ സ്‌കൂള്‍സ് കൗണ്‍സില്‍ ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
.

കോവിഡ് മഹാമാരി കാലത്തെ വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികള്‍ അതിജീവിക്കാനായി ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും ഏറ്റവും മികച്ച രീതിയില്‍ പഠന പ്രക്രിയകള്‍ നടത്തിയതായി യോഗം വിലയിരുത്തി. കേവല വീഡിയോ ക്ലാസുകള്‍ക്കപ്പുറം എല്‍.കെ.ജി മുതല്‍ മുഴുവന്‍ ക്ലാസുകളിലും അതതു അധ്യാപകര്‍ വിദ്യാര്‍ത്ഥികളുമായി നിരന്തര സമ്പര്‍ക്കത്തിലൂടെ അധ്യയനം നല്‍കിയിരുന്നു. സാങ്കേതിക വിദ്യയുടെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ ക്ലാസ് റൂമുകള്‍ സജ്ജീകരിച്ചിരുന്നു. ആവശ്യമായ ഇടവേളകള്‍ നല്‍കി , കൃത്യമായ ടൈംടേബിളോട് കൂടിയ പഠനപ്രകിയകളായിരുന്നു. കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദം നല്‍കാതെ, പഠിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യനിര്‍ണ്ണയ രീതികളും അവലംഭിച്ചിരുന്നു.

പഠനം അനായാസകരവും ഏറ്റവും മികച്ചതുമാക്കാന്‍ ഓരോ അധ്യാപകരും കഠിനപ്രയത്‌നം നടത്തിയതില്‍ യോഗം സംതൃപ്തിയറിയിച്ചു. കലാ – സാഹിത്യ മത്സരങ്ങള്‍ , ആഘോഷ വേളകളിലെ പ്രത്യേക പരിപടികള്‍ എന്നിവ ഈ പ്രതിസന്ധി കാലത്തും സംഘടിപ്പിക്കാനായത് വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമായിരുന്നു.

സി.ബി.എസ് ഇ സ്‌കൂളുകളെക്കുറിച്ച കുപ്രചരണങ്ങളെ കരുതിയിരിക്കണമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. കേരള സര്‍ക്കാറിന്റെ അംഗീകാരവും സി.ബി.എസ്.ഇ അഫിലിയേഷനുമുള്ള എല്ലാ സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ക്ക് Sc, St. obc… ഉള്‍പ്പെടെ അര്‍ഹമായ എല്ലാ സ്‌കോളര്‍ഷിപ്പുകളും ലഭ്യമാവുന്നുണ്ട്. മറ്റേതൊരു വിദ്യാഭ്യാസ സ്ഥാപനവും പോലെ , മുന്‍ വര്‍ഷങ്ങളിലെ ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച അപേക്ഷകര്‍ക്ക് ടി.സി. അനുവദിക്കുന്നതിന് ആര്‍ക്കും തടസ്സമുണ്ടാവേണ്ടതില്ല.
കോവിഡ് പ്രതിസന്ധിയുടെ തുടക്കം മുതല്‍ തന്നെ സാധ്യമാവുന്ന ഫീസിളവുകള്‍ ഓരോ മാനേജ്‌മെന്റും അനുവദിച്ചിരുന്നു. ഈ വര്‍ഷവും ഉപയുക്തമാകാത്ത ഇനങ്ങളിലെ ഫീസിനങ്ങള്‍ പരിഗണിച്ച് പതിനഞ്ച് ശതമാനം ഇളവ് നല്‍കാന്‍ യോഗം തീരുമാനിച്ചു.

യോഗത്തില്‍ ജില്ലാ പ്രസി.വി.ജി സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. അഡ്വ. വിജയകുമാര്‍ , അബ്ദുല്‍ റഊഫ്, ഫാദര്‍ ബിജു, ശാലിനി ബ്രഹ്‌മാചാരിണി, തോമസ് ജോസഫ് , മുഹമ്മദ് മാസ്റ്റര്‍, സലോമി സിസ്റ്റര്‍, എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി ഷിംജിത് ദാമു സ്വാഗതവും ട്രഷറര്‍ സി.കെ സമീര്‍ നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!