കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും

0

കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കിയേക്കും. വെള്ളിയാഴ്ച നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗമാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. കൊവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കാനുള്ള നിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കൊവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കണമെന്ന് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടര്‍ച്ചയായാണ് കേന്ദ്രസര്‍ക്കാര്‍ പ്രസ്തുത നിര്‍ദേശത്തെ അംഗീകരിക്കാന്‍ തീരുമാനിച്ചത്. നികുതി നിരക്ക് പൂര്‍ണ്ണമായി ഉപേക്ഷിക്കുക അല്ലെങ്കില്‍ 0.1 ശതമാനമായി കുറയ്ക്കുക ഈ രണ്ട് നിര്‍ദേശങ്ങളാണ് ധനമന്ത്രാലയത്തിന്റെ പരിഗണനയില്‍.

രണ്ട് നിര്‍ദ്ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മറ്റ് സാധനങ്ങളുടെ നികുതിയില്‍ ഇളവ് വരുത്തണമെന്ന ആവശ്യവും യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സ്വന്തമായി വാക്സിന്‍ വാങ്ങേണ്ടി വരുന്നത് പല സംസ്ഥാനങ്ങളിലെയും സാമ്പത്തിക സ്ഥിതിയെ കാര്യമായി ബാധിക്കുന്നുണ്ട്. ഇത് മറികടക്കുവാന്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തെലങ്കാന, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ തങ്ങളുടെ മൂലധന ചെലവുകള്‍ വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചു.

മൂലധന ചെലവുകള്‍ വലിയ തോതില്‍ വെട്ടിക്കുറയ്ക്കുന്നത് ഗുണം ചെയ്യില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം നിര്‍ണായകമായിരിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!