വന്യജീവി സങ്കേതത്തിനുചുറ്റും ബഫര്‍സോണ്‍, സമര കേന്ദ്രമായി സുല്‍ത്താന്‍ ബത്തേരി. ജനങ്ങളുടെ ജീവിതം ദുരിതമാകുകയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാവുകയും ചെയ്യുന്ന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ വേറിട്ട സമരമുഖങ്ങള്‍ക്കാണ് ബത്തേരി നഗരം വേദിയാവുക.ഈ ഉത്തരവ് ഏറ്റവും കൂടുതല്‍ ബാധിക്കുക സുല്‍ത്താന്‍ ബത്തേരിയെ ആയതിനാല്‍ ഇവിടം കേന്ദ്രീകരിച്ചാണ് സമരങ്ങള്‍ ഉയരുന്നത്.
വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ നിര്‍ബന്ധിത ബഫര്‍സോണ്‍ വേണമെന്ന ഉത്തരവിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വരും ദിവസങ്ങളില്‍ ശക്തമായ സമരങ്ങള്‍ക്കാണ് ബത്തേരി വേദിയാകുന്നത്. നാളെ എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടക്കും. യുഡിഎഫിന്റെ നേതൃത്വത്തില്‍ നാളെ നേതൃസംഗമവും 11ന് ഉപവാസ സമരവും തുടര്‍ന്ന് ബഹുജന പ്രതിഷേധ റാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. 12ന് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബത്തേരിയില്‍ മനുഷ്യ മതില്‍ തീര്‍ക്കും. 13ന് മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. 14 ന് ബത്തേരി മുനിസിപ്പല്‍ ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ തലത്തില്‍ ഹര്‍ത്താല്‍ നടത്തും. 16ന് സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍ ബഹുജന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കും. ഇത്തരത്തില്‍ ശക്തമായ പ്രതിഷേധങ്ങളാണ് ബഫര്‍സോണ്‍ പ്രഖ്യാപനത്തിനെതിരെ ഉയര്‍ന്നു വരുന്നത്.