അരിക്കും നികുതി 5%

0

നാളെ മുതല്‍ രാജ്യത്തെങ്ങും അരിയും ഗോതമ്പും അടക്കം ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% വിലക്കയറ്റത്തിനു വഴിയൊരുക്കി ജിഎസ്ടി നിയമത്തില്‍ അപ്രതീക്ഷിത ഭേദഗതി. കഴിഞ്ഞ മാസം 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സിലിന്റെ തീരുമാനം അനുസരിച്ച്, ലേബല്‍ പതിച്ചതും പാക്ക് ചെയ്തതുമായ 25 കിലോയില്‍ താഴെയുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, ഈ മാസം 13ന് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോയെന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെയാണ് ചില്ലറയായി തൂക്കി വില്‍ക്കുന്ന ബ്രാന്‍ഡഡ് അല്ലാത്ത ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും അടക്കം നികുതി ബാധകമായി. ഇതുവരെ പാക്കറ്റില്‍ വില്‍ക്കുന്ന ബ്രാന്‍ഡഡ് അരിക്കും മറ്റും മാത്രമായിരുന്നു നികുതി.5 വര്‍ഷം മുന്‍പ് രാജ്യത്ത് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അരി, പച്ചക്കറി, മുട്ട, മത്സ്യം തുടങ്ങിയ നിത്യോപയോഗ സാധനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പാക്കറ്റിലല്ലാതെ കോഴിയിറച്ചി വില്‍ക്കുമ്പോള്‍ പോലും ഈടാക്കാത്ത നികുതി അടിസ്ഥാന ഭക്ഷ്യധാന്യങ്ങള്‍ക്കു മേല്‍ ചുമത്തുമ്പോള്‍ കേരളം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരുകളും മൗനം പാലിക്കുകയാണ്. ഏതു തൂക്കത്തിലുമുള്ള ധാന്യങ്ങള്‍ക്കും പയറു വര്‍ഗങ്ങള്‍ക്കും 5% നികുതി നാളെ മുതല്‍ ബാധകമാകും. മില്ലുകളില്‍ നിന്ന് 50 കിലോ ചാക്കുകളില്‍ മൊത്ത വ്യാപാരിക്ക് നല്‍കുന്ന അരിക്ക് 5% നികുതി വരും. ഇത് 5% വിലക്കയറ്റത്തിനും ഇടയാക്കും.

Leave A Reply

Your email address will not be published.

error: Content is protected !!