കോവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കണം;  സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍

0

കോവിഡ് അനാഥരാക്കിയ കുട്ടികളുടെയും പകര്‍ച്ചവ്യാധിമൂലം ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടേയും സംരക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അനാഥരാക്കപ്പെട്ടവര്‍ മനുഷ്യക്കടത്തിന് ഇരകളാകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയ നിര്‍ദേശത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു.

ഇന്നത്തെ സാഹചര്യത്തില്‍ കോവിഡ്മൂലം മാതാപിതാക്കള്‍ നഷ്ടപ്പെടുന്ന കുട്ടികള്‍ അനാഥരാകാനുള്ള സാധ്യതയുണ്ടെന്നും ഇവരുടെ സംരക്ഷണത്തിനായി ഉചിതമായ സംവിധാനങ്ങള്‍ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളില്‍ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ പറയുന്നു.
ആശങ്കകള്‍ കണക്കിലെടുത്ത് സ്ത്രീകള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആഭ്യന്ത്ര മന്ത്രാലയത്തിന്റെ വനിതാ സുരക്ഷാ വിഭാഗം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. കോവിഡിന്റെ ആഘാതം സര്‍ക്കാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അത്തരം വ്യക്തികള്‍ക്ക് വ്യക്തികള്‍ക്ക് പിന്തുണയും സഹായവും ഉറപ്പാക്കുന്നതിന് മതിയായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രാലയം സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കോവിഡ് മൂലം അനാഥരായ കുട്ടികളുടെ കാര്യത്തില്‍ കരുതല്‍ വേണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ഇത്തരം കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ യു.പി. പോലീസ് കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. കുട്ടികളെ കടത്തുന്ന സംഘങ്ങള്‍ ആകാം അവയ്ക്ക് പിന്നിലെന്നായിരുന്നു യു.പി. പോലീസിന്റെ മുന്നറിയിപ്പ്.കോവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരിച്ച കുട്ടികള്‍ക്ക് 25 വയസുവരെ 2500 രൂപവീതം പ്രതിമാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ അവര്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും കെജ്രിവാള്‍ വാഗ്ദാനം ചെയ്തിരുന്നു. കോവിഡ്മൂലം അനാഥരായ കുട്ടികളുടെ സംരക്ഷണത്തിനായി പദ്ധതികള്‍ കൊണ്ടുവരുമെന്ന് യുപിയിലെയും ഹിമാചല്‍ പ്രദേശിലെയും ബിജെപി സര്‍ക്കാരുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!