ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ് ഊര്‍ജിമാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിപുലമായ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിച്ചു. ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ആരോഗ്യ, പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്ത പ്രത്യേക യോഗത്തിലാണ് തീരുമാനം.
ആദിവാസി കോളനികളില്‍ മൊബൈല്‍ വാക്സിനേഷന്‍ യൂണിറ്റുകളുമായി നേരിട്ടെത്തി കുത്തിവയ്പ് ക്യാമ്പയിന്‍ നടത്തുന്നതിനാണ് തീരുമാനമെടുത്തത്. ആരോഗ്യ – പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി. മൂന്ന് പട്ടികവര്‍ഗ വികസന ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് ദിവസം നാല് വീതം പഞ്ചായത്തകളിലായി ആകെ ആറ് ദിവസത്തെ വാക്സിനേന്‍ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്. ഓരോ വാര്‍ഡിലെയും കോളനികളില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ സംഘമെത്തും. ഇതോടെ ജില്ലയില്‍ മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും കുത്തിവയ്പ് നല്‍കാനാകുമെന്നാണ് കണക്ക് കൂട്ടുന്നത്. ജില്ലയിലേക്കുള്ള കൂടുതല്‍ വാക്സിന്‍ സ്റ്റോക്ക് എത്തുന്നതോടെ പദ്ധതി ആരംഭിക്കും. ഇതിന് മുന്നോടിയായി ആരോഗ്യ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ഗോത്രരക്ഷാ വാരം പ്രചാരണ ക്യാമ്പയിനും നടത്തും.
ആദിവാസി വിഭാഗത്തില്‍ പെട്ട അറുപതിന് മുകളില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ 15,425 പേരില്‍ 10,206 പേര്‍ക്കാണ് ഇതിനകം ആദ്യ ഡോസ് കുത്തിവയ്പ് നല്‍കിയത്. 45 നും 50 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ആകെ 28,637 പേരില്‍ 5080 പേരും ആദ്യ ഡോസ് സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരുടെ വിഭാഗത്തില്‍ ആകെ 69,709 പേരാണുള്ളത്. ഇവരുടെ വാക്സിനേഷന്‍ നടപടികളും പുരോഗമിച്ചു വരുന്നുണ്ട്.