കെ എസ് ആര്‍ ടി സി ജീവനക്കാരെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതോടെ ഡിപ്പോകളില്‍ ജീവനക്കാരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. 18 മുതല്‍ 44 വരെ പ്രായപരിധിയില്‍ വരുന്ന ജീവനക്കാര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക.
പൊതുജനങ്ങളുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കത്തില്‍ വരുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരെ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ട മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറങ്ങിയത്. ഇതനുസരിച്ച് കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൈറ്റില്‍ അതത് ഡിപ്പോകളില്‍ നിന്നും നോഡല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ ജീവനക്കാരുടെ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ലോക്ക് ഡൗണായതിനാല്‍ ജീവനക്കാരെ ഫോണില്‍ ബന്ധപെട്ടാണ് പേര്, ജനന തീയതി, വയസ്, ഫോണ്‍ നമ്പര്‍, അടുത്ത ആശുപത്രി എന്നീ വിവരങ്ങള്‍ എടുത്ത് രജിസ്റ്റര്‍ ചെയ്യുന്നത്.
കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്കല്‍,മിനിസ്റ്റീരിയല്‍ സ്റ്റാഫ് എന്നിങ്ങനെ മുന്‍ഗണന ക്രമത്തിലാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ ലഭ്യമാകുന്ന സര്‍ക്കാര്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ പേര് വിവരങ്ങള്‍ നോഡല്‍ അസിസ്റ്റന്റ് അപ്‌ഡേറ്റ് ചെയ്യും. കൊവിഡ് പോസിറ്റീവായ ജീവനക്കാര്‍ക്ക് രോഗമുക്തരായി ഒന്നര മാസത്തിനു ശേഷമാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിന്‍ സ്വീകരിക്കുന്നവരുടെ മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ടതോടെ ആശ്വാസത്തിലാണ് കെ എസ് ആര്‍ ടി സി ജീവനക്കാര്‍.