പിന്നണി ഗായികയായി പടിഞ്ഞാറത്തറ സ്വദേശി നിഖില മോഹന്‍
പ്രശസ്ത ഗായകന്‍ മധു ബാലകൃഷ്ണനൊപ്പം ഗാനമാലപിച്ച് സിനിമാ പിന്നണി രംഗത്ത് ശ്രദ്ധേയയായിരിക്കുകയാണ് പടിഞ്ഞാറത്തറ സ്വദേശിനി നിഖില മോഹന്‍. സംവിധായകന്‍ ജീവന്‍ എം.വിയുടെ പുതിയ മലയാള ചിത്രമായ പ്രവാചകന്‍ പ്രഭാകരന്‍ പിള്ളയില്‍ സംഗീത സംവിധായകന്‍ ശ്യാം പ്രസാദ് ഈണം നല്‍കിയ കണ്ണാടിത്തീരം എന്ന സുന്ദര ഗാനത്തിന് ശബ്ദം നല്‍കി പിന്നണി രംഗത്തേക്ക് കാലെടുത്ത് വെച്ച നിഖിലയെ കേരള മാപ്പിളകലാ അക്കാദമി സംഘടിപ്പിച്ച സംഗീതയാനം മെഗാ ഷോ വേദിയില്‍ വെച്ച് പ്രശസ്ത സിനിമാ താരം നാദിര്‍ഷ പുരസ്‌കാരം നല്‍കി ആദരിച്ചു. ജി.എച്ച്.എസ് വാരാമ്പറ്റയില്‍ സംഗീത അധ്യാപികയായി സേവനമനുഷ്ഠിച്ചു വരുന്ന നിഖില, പടിഞ്ഞാറത്തറ മങ്ങമ്പ്രയില്‍ മോഹന്‍ ഷീബ ദമ്പതികളുടെ മകളാണ്. ഏക സഹോദരന്‍ നിധിന്‍ മോഹന്‍. കണ്ണൂര്‍ വിഷനും, വയനാട് വിഷനും ചേര്‍ന്നൊരുക്കിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോ സ്മാര്‍ട്ട് സിംഗറില്‍ നിരവധി റൗണ്ടുകള്‍ പിന്നിട്ടു. ചടങ്ങില്‍ അക്കാദമി പ്രസിഡണ്ട് തലശ്ശേരി കെ റഫീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി നൗഷാദ്, ഫിറോസ് ബാബു, പി.കെ അമീന്‍, ഷമീം പാറക്കണ്ടി, അഫ്ര വാട്ടര്‍ പ്രുഫ് സൊല്യൂഷന്‍സ് എം.ഡി.സി കെ ഗഫൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.