ചെറുവയല്‍ രാമന്‍ ആശുപത്രിയില്‍
ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ചെറുവയല്‍ രാമന്റെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ല. ദുബൈയില്‍ നടക്കുന്ന വയലും വീടും സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടി പോയതായിരുന്നു അദ്ദേഹം. ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ദുബൈയിലെ പ്രവാസികളുടെ സ്‌നേഹവലയത്തില്‍ ചെറുവയല്‍ രാമന്‍ സുഖം പ്രാപിക്കുന്നു. സുഹൃത്തുക്കളുടെ ഫോണില്‍ നിന്ന് ബന്ധുക്കള്‍ക്ക് രണ്ട് ശബ്ദ സന്ദേശങ്ങള്‍ അയച്ചു. ചുറ്റും ധാരാളം പേര്‍ ഉണ്ടെന്നും എല്ലാവരും മുമ്പ് വയനാട്ടിലെ നമ്മുടെ വീട്ടില്‍ വന്നിട്ടുള്ളവരാണന്നുമാണ് ഒരു സന്ദേശത്തിലുള്ളത്. ആശങ്കപ്പെടാന്‍ ഒന്നുമില്ലന്നും ഉടന്‍ നാട്ടില്‍ തിരിച്ചെത്തുമെന്നും മറ്റൊരു സന്ദേശത്തില്‍ രാമന്‍ പറയുന്നു. പാരമ്പര്യ നെല്‍വിത്ത് സംരംക്ഷകനായ വയനാട് കമ്മന ചെറുവയല്‍ രാമന്‍ ദുബൈയിലെ കൃഷി സ്‌നേഹികള്‍ സംഘടിപ്പിച്ച വയലും വീടും പരിപാടിയില്‍ പങ്കെടുക്കവെ ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ദുബൈയിലെ റാഷിദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെയും ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും വൈകുന്നേരത്തോടെ നല്ല പുരോഗതി ഉണ്ടായി. ഇന്ന് ഐ.സി.യു.വില്‍ നിന്ന് മാറ്റും. വയനാട്ടിലെ ചില സുഹൃത്തുക്കള്‍ വഴിയാണ് അദ്ദേഹം ദുബൈയിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയത്. വയനാടന്‍ ജൈവ പൈതൃകം ലോകത്തെ അറിയിക്കാന്‍ ഓഗസ്റ്റ് മാസം ചെറുവയല്‍ രാമന്‍ ബ്രസീലിലും പോയിരുന്നു. ബ്രസീലിലെ ബലേനില്‍ നടന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വയനാട്ടിലെ കുറിച്യ സമുദായത്തില്‍ നിന്നുള്ള പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമനും പങ്കെടുത്തത്.