കേരളത്തില്‍ കോവിഡ് പരിശോധനയ്ക്കായുള്ള ആര്‍ടിപിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി തുടരും. നിരക്ക് കുറച്ച സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്ന സ്വകാര്യ ലാബുകളുടെ ആവശ്യം ഹൈക്കോടതി തള്ളി. പരിശോധയ്ക്ക് 135 രൂപ മുതല്‍ 245 രൂപ വരെ ചെലവ് വരുന്നുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. നിരക്ക് കുറയ്ക്കാന്‍ വിസമ്മതിയ്ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടി പാടില്ലെന്ന ലാബുടമകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നത് കേരളത്തിലാണെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഒറീസയില്‍ 400ഉം പഞ്ചാബില്‍ 450ഉം മഹാരാഷ്ട്രയില്‍ 500 ഉം ആണ് നിരക്ക്. ടെസ്റ്റിംഗ് കിറ്റുകളുടെ വില ഗണ്യമായി കുറഞ്ഞതും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 65 ലാബുകളാണുള്ളത്. ഇതില്‍ 10 ലാബുകള്‍ മാത്രമാണ് നിരക്ക് കുറച്ചതിനെ എതിര്‍ത്തതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് നിശ്ചയ്ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.നിരക്ക് കുറച്ച് സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും തങ്ങളുടെ ഭാഗം കേട്ടില്ലെന്നുമായിരുന്നു ലാബുടമകള്‍ കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വാദം കോടതി അംഗീകരിച്ചില്ല. മാര്‍ക്കറ്റ് സ്റ്റഡി നടത്തിയ ശേഷമാണ് നിരക്ക് കുറച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ലാബുടമകളുടെ ഹര്‍ജി അവധിയ്ക്ക് ശേഷം പരിഗണിയ്ക്കുന്നതിനായി കോടതി മാറ്റി.