തദ്ദേശസ്ഥാപനങ്ങളിലെ ജനകീയാസൂത്രണത്തിന്റെ അടിസ്ഥാന ഘടകമായ ഗ്രാമസഭകള്‍ ഓണ്‍ലൈനിലേക്കു മാറാന്‍ ഒരുങ്ങുന്നു. 941 പഞ്ചായത്തുകളിലെ 15,963 വാര്‍ഡുകളിലാണ് ഇത് ആദ്യഘട്ടത്തില്‍ നടപ്പാക്കുക. ഇതിനായി ഗ്രാമസഭ പോര്‍ട്ടല്‍ (gramasabha.lsgkerala.gov.in) തയാറായി. ഗ്രാമസഭകളിലെ ആള്‍ക്ഷാമം പരിഹരിച്ച് പങ്കാളിത്തവും ചര്‍ച്ചകളും ഫലപ്രദമാക്കുക എന്നതാണു ലക്ഷ്യം. ഗ്രാമസഭകളില്‍ പങ്കെടുക്കേണ്ട വോട്ടര്‍മാരുടെ വിവരങ്ങള്‍ പോര്‍ട്ടലില്‍ ശേഖരിച്ചു. ഇതു കൃത്യമാക്കുന്ന (വാലിഡേറ്റ്) നടപടികളാണു ബാക്കി. സംസ്ഥാന സര്‍ക്കാരിന്റെ മൊത്തം ഫണ്ടിന്റെ 30% വരെ ചെലവഴിക്കുന്നത് തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ്. ഇതില്‍ ഭവനനിര്‍മാണം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ വ്യത്യസ്ത പദ്ധതികളുടെ കരട് രേഖയും വിഹിതം ചെലവിടുന്നതും ഗുണഭോക്തൃ പട്ടികയും നിശ്ചയിക്കുന്നതു ഗ്രാമസഭയാണ്.
വാര്‍ഡിലെ മുഴുവന്‍ വോട്ടര്‍മാരുടെയും 10% ആണ് ഗ്രാമസഭകളുടെ ക്വോറം. ഇതു തികയാതെ മാറ്റിവയ്ക്കുന്ന ഗ്രാമസഭയുടെ യോഗം വീണ്ടും കൂടാന്‍ 50 പേര്‍ മതി. പലയിടത്തും ക്വോറമില്ലാതെ ഗ്രാമസഭകള്‍ മാറ്റിവയ്ക്കുകയും രണ്ടാമതു ചേരുമ്പോള്‍ അപാകതകളും ക്രമക്കേടുകളും നടക്കുന്നതായും ആരോപണം ഉണ്ട്. പോര്‍ട്ടല്‍ സജ്ജമാകുന്നതോടെ ഗ്രാമസഭകള്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച് പ്രവാസി വോട്ടര്‍മാരെ ഉള്‍പ്പെടെ പങ്കെടുപ്പിക്കാം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിര്‍ദേശങ്ങളും വസ്തുതകളും സമര്‍പ്പിക്കാനും പോര്‍ട്ടലില്‍ സംവിധാനം ഉണ്ടാകും.
നിയമഭേദഗതി വേണ്ടി വരില്ലെന്നും വാദം
ഗ്രാമസഭകള്‍ ഓണ്‍ലൈനായി ചേരാന്‍ കേരള പഞ്ചായത്ത് രാജ് നിയമത്തിലെ ചട്ടം ഭേഗതി ചെയ്യേണ്ടി വരില്ലെന്നും ഐടി ആക്ടിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചാല്‍ മതിയാകുമെന്നുമാണു തദ്ദേശ വകുപ്പിനു ലഭിച്ച നിയമോപദേശം. കോവിഡ് കാലത്ത് താല്‍ക്കാലികമായി ഓണ്‍ലൈനായി ഗ്രാമസഭകള്‍ ചേരാന്‍ നിര്‍ദേശിച്ചിരുന്നു.