കോവിഡ് രണ്ടാം തരംഗം: കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം

0

 

കോവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള വ്യക്തമാക്കി.കണ്ടൈന്‍മെന്റ് സോണുകളില്‍പ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് അനാവശ്യ സഞ്ചാരങ്ങള്‍ നിയന്ത്രിക്കും.ജനങ്ങള്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളു.

തൊട്ടടുത്ത കടകളെ ആശ്രയിക്കണം.എന്നാല്‍ കൂലിപണി, കാര്‍ഷിക വൃത്തി ,വീട്ടുജോലി ചെയ്യുന്നവര്‍ക്ക് നിയന്ത്രണമില്ല. ഇവിടങ്ങളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് കാണിച്ചു യാത്ര ചെയ്യാം.യാതൊരു കാരണവശാലും ഇവരെ പോലീസ് തടയാന്‍ പാടില്ല. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ വൈകുന്നേരം 5 വരെ തുറന്നുപ്രവര്‍ത്തിക്കാം.ഹോട്ടലുകളില്‍ പാര്‍സല്‍ സൗകര്യം മാത്രം അനുവദിക്കും.7 .30 ന് പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം.പൊതുഗതാഗതം ഉണ്ടായിരിക്കുന്നതല്ല.ദേശീയ പാതയില്‍ ഇത് ബാധകമല്ല.

ആരാധനാലയങ്ങളില്‍ യാതൊരു കാരണവശാലും 5 ല്‍ കൂടുതല്‍ ആളുകള്‍ കൂടരുത്.60 വയസ്സില്‍ കൂടുതലും 10 വയസ്സില്‍ താഴെയുമുള്ളവര്‍ ഒരു കാരണവശാലും പ്രവേശിക്കരുത്.പെറ്റ് ഷോപ്പിലെ ജീവികള്‍ക്ക് ആവശ്യമുള്ള വെള്ളം , ഭക്ഷണം , എന്നിവ നല്‍കാന്‍ തുറന്നു പ്രവര്‍ത്തിക്കാം. ആശുപത്രിക്ക് സമീപമുള്ള മെഡിക്കല്‍ ഷോപ്പുകള്‍ , ക്യാന്റീന്‍ മുതലായവ 5 ന് ശേഷം തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. കൃഷിക്കാവശ്യമായ സാധങ്ങള്‍ നല്‍കുന്ന കടകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 2 വരെ പ്രവര്‍ത്തിക്കാം.കൂടാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ സംഭരണവും വില്‍പ്പനയും നടത്തുന്ന സ്ഥാപനങ്ങള്‍ 4 വരെ തുറക്കാം . ഇവരെ തടയാന്‍ പാടുള്ളതല്ല. മുന്‍കൂര്‍ തീരുമാനിച്ച പ്രകാരമുള്ള വിവാഹമല്ലാതെ മറ്റ് യാതൊരു ആഘോഷപരിപാടികള്‍ പാടില്ല.

വിവാഹത്തില്‍ 25 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്. മരണാന്തരചടങ്ങുകളില്‍ 20 ആളുകള്‍ക്ക് പങ്കെടുക്കാം . പാല്‍ സൊസൈറ്റികളില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം പാല്‍ സംഭരിക്കണം.ചെറിയ രോഗ ലക്ഷണമുള്ളവര്‍ , സമ്പര്‍ക്കപട്ടികയില്‍ ഉള്ളവര്‍ സൊസൈറ്റിയില്‍ എത്തുന്നില്ലായെന്ന് ഭാരവാഹികള്‍ ഉറപ്പു വരുത്തണം.സെക്ടറല്‍ മജിസ്‌ട്രേറ്റ് / പോലീസ് എന്നിവര്‍ ഇവിടങ്ങളില്‍ ശ്രദ്ധചെലുത്തണമെന്ന് കളക്ടര്‍ അറിയിച്ചു. പെട്രോള്‍ പമ്പുകള്‍ 9 ന് അടക്കേണ്ടതാണ്. ദേശീയ പാതയോരത്തുള്ള പമ്പുകള്‍ക്ക് ഇത് ബാധകമല്ല. തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടത്തണം .നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് മൂലം ദൈനം ദിനജോലികള്‍ ചെയ്ത് ജീവിക്കുന്ന ആളുകള്‍ ബുദ്ധിമുട്ടിലാവുന്നില്ലെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പു വരുത്തണം.വ്യവസായ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അവശ്യ സര്‍വീസില്‍ വരുന്ന വ്യവസായങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിധേയമായിട്ടാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!