വൃത്തിയും പൂക്കളും, മനോഹരിയാക്കിയ ബത്തേരിയുടെ ചുമരുകളില്‍ ജീവന്‍തുടിക്കുന്ന ചിത്രങ്ങള്‍ ചേര്‍ത്ത് അതി സുന്ദരമാക്കുകയാണ് കലാകാരന്‍മാരുടെയും പ്രകൃതി സ്നേഹികളുടെയും കൂട്ടായ്മ. ഗ്രീന്‍സ് ഇന്ത്യ ചാപ്റ്ററാണ് ബത്തേരി ടൗണിലെ പാഴായി കിടക്കുന്ന ചുമരുകളിലും കെട്ടിടങ്ങളിലും ഗ്രാഫിറ്റി പെയിന്റിങ്ങിലൂടെ സുന്ദരമാക്കുന്നത്.സംഘടനക്ക് നേതൃത്വം നല്‍കുന്ന പ്രവാസികൂടിയായ റഷീദ് ഇമേജിന്റെ നേതൃത്വത്തിലാണ് ചിത്രരചന.
നാട്ടിലെത്തുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സുഹൃത്തുക്കളടക്കം കൂട്ടി വൃത്തികേടായും മറ്റും കിടക്കുന്ന മതിലുകളിലും വസ്തുക്കളിലും മനോഹരമായ ചിത്രങ്ങള്‍ തീര്‍ക്കുന്നത്.
പട്ടണത്തില്‍ എത്തുന്നവരുടെ ശ്രദ്ധപ്പെട്ടെന്ന് ചെന്നെത്തുക ജീവന്‍തുടിക്കുന്ന ചിത്രങ്ങളാല്‍ തിടംവെച്ച് നില്‍ക്കുന്ന സുല്‍ത്താന്‍ ബത്തേരി ചുങ്കത്തെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരത്തടികൊണ്ട് തീര്‍ത്ത ഇരുനില കെട്ടിടത്തിലാണ്. കൂടാതെ സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്‌റ്റേഷന്‍ മതില്‍ അടക്കം സ്ട്രീറ്റ് ഗ്രാഫിറ്റി പെയിന്റിലൂടെ ഇവര്‍ സുന്ദരമാക്കിയിട്ടുണ്ട്. ഈ രിതീയിലൂടെ ഈ സംഘം തെരുവില്‍ ചിത്രങ്ങള്‍ തീര്‍ക്കാന്‍ തുടങ്ങിയത് ഒന്നര വര്‍ഷം മുമ്പാണ്. വയനാടിന്റെ പ്രവേശന കവാടംമുതല്‍ സംസ്ഥാന അതിര്‍ത്തി മുത്തങ്ങവരെയാണ് ഇവര്‍ ചിത്രങ്ങള്‍ തീര്‍ത്തത്. കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വന്തം കൈയ്യില്‍ നിന്നും പണംഎടുത്താണ് പെയിന്റും, ബ്രഷും മറ്റ് സാധനങ്ങളെല്ലാം വാങ്ങി ഗ്രാഫിറ്റ് പെയിന്റിങ്ങിലൂടെ നഗരം മനോഹര ചിത്രങ്ങളുടെ ഇടം കൂടിയാക്കുന്നത്.