കൊവിഡ് രണ്ടാംതരംഗം  സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

0

കോവിഡ് രണ്ടാം വരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് കോവിഡ് വീണ്ടും വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴാഴ്ച മാത്രം 236 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മാസ്‌ക് ധരിക്കാത്തതിന് 862 പേര്‍ക്ക് പിഴ ചുമത്തി.നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കാതെയുള്ള കൂട്ടം ചേരല്‍ അനുവദിക്കില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ ഏഴു ദിവസത്തില്‍ കൂടുതല്‍ കേരളത്തില്‍ കഴിയുന്നുണ്ടെങ്കില്‍ മാത്രം ഏഴു ദിവസം ക്വാറന്റീനില്‍ ഇരിക്കണം. എട്ടാം ദിവസം ഇവര്‍ ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. എന്നാല്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ ഏഴു ദിവസത്തിനകം മടങ്ങിപോകുന്നവര്‍ ആണെങ്കില്‍ ക്വാറന്റീനില്‍ ഇരിക്കേണ്ടതില്ല.

മാസ്‌ക് ധരിക്കാത്തവര്‍ക്കും കൃത്യമായി സാമൂഹിക അകലം പാലിക്കാത്തവര്‍ക്കും എതിരെ കര്‍ശന നടപടി എടുക്കാനാണ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് വ്യാഴാഴ്ച 57 പേരെ അറസ്റ്റ് ചെയ്തു.

അതേസമയം കടകള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. ഇവിടങ്ങളില്‍ നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ കാര്യത്തില്‍ നേരത്തെയുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ വി . പി ജോയ് അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് പരിശോധന വര്‍ദ്ധിപ്പിക്കും.

കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ ശനിയാഴ്ച മുതല്‍ പത്തു ദിവസത്തേക്ക് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ബംഗളൂരു, മംഗളൂരു, കല്‍ബുര്‍ഗി, മൈസൂരു, ഉഡുപ്പി, തുംകുരു, ബീദര്‍ എന്നീ നഗരങ്ങളിലാണ് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുക. രാത്രി പത്തു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ ഉണ്ടാകുക.

കോവിഡ് കേസുകളുടെ വര്‍ദ്ധനവും കോവിഡിന്റെ രണ്ടാം വരവും പരിഗണിച്ചാണ് പരീക്ഷണാടിസ്ഥാനത്തില്‍ രാത്രികാല കര്‍ഫ്യൂ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ഇത് ലോക്ക് ഡൗണ്‍ അല്ലെന്നും അവശ്യസേവനങ്ങളെ രാത്രികാല കര്‍ഫ്യൂ ബാധിക്കില്ലെന്നും യെദ്യൂരപ്പ വ്യക്തമാക്കി.

Leave A Reply

Your email address will not be published.

error: Content is protected !!