ഹരിത സ്വര്‍ണ്ണം (Green Gold) എന്ന് വിളിക്കുന്ന മുള, പ്രായമെത്തി പൂത്തുലഞ്ഞിരിക്കുകയാണ് നാടെങ്ങും. സ്വര്‍ണ്ണ വര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കൂട്ടങ്ങള്‍ ഇപ്പോള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. മുളകള്‍ പൂത്തുലഞ്ഞതോടെ വനയോരങ്ങളിലും വനാന്തരങ്ങളിലും താമസിക്കുന്ന ഗോത്രവിഭാഗക്കാര്‍ മുള അരി ശേഖരിക്കുന്ന തിരക്കിലാണ്. സ്വന്തം ആവശ്യത്തിനുപുറമെ ഇവര്‍ക്കിതിപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയാണ്. എന്നാല്‍ സീസണനുസരിച്ച് പൊതു വിപണിയില്‍ 400 രൂപമുതല്‍ 800 രൂപ വരെ വിലവരുന്ന മുള അരി, ഗോത്രവിഭാഗങ്ങള്‍ക്ക് മാര്‍ക്കറ്റില്‍ നല്‍കുമ്പോള്‍ 110 രൂപമാത്രമാണ് ലഭിക്കുന്നത്.
രാവിലെ വീട്ടുജോലികള്‍ തീര്‍ത്ത് മുതിര്‍ന്നവര്‍ മുള അരി ശേഖരിക്കുന്നതിനായി വനത്തിലേക്ക് പോകും. തുടര്‍ന്ന് ഏറെ നേരം കഷ്ടപെട്ട് മുള അരി ശേഖരിച്ച് വീട്ടിലെത്തും. പിന്നീട് ഇത് കഴുകി വൃത്തിയാക്കി ഉണക്കിയാണ് ഇവര്‍ വിപണിയില്‍ എത്തിച്ചുനല്‍കുക. എന്നാല്‍ ഇവര്‍ക്ക് വിപണിയില്‍ നിന്നും കിലോയ്ക്ക് 110 രൂപയാണ് ലഭിക്കുക. സര്‍ക്കാര്‍ ഇടപെട്ട് തങ്ങള്‍ക്കും മാന്യമായ വില ലഭിക്കാന്‍ നടപടിയുണ്ടാവണമെന്നാണ് ഇവരുടെ ആവശ്യം.