യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി
ആരോഗ്യം, കാര്‍ഷികം ഉള്‍പ്പെടെ സമഗ്ര വികസനവുമായി കല്‍പ്പറ്റയില്‍ യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. വയനാട് പ്രസ്സ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍, മണ്ഡലം ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ എന്നിവര്‍ ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്്.
കല്‍പ്പറ്റ മണ്ഡലത്തിലും, ജില്ലയിലും യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വികസന പരിപാടികള്‍ ഉള്‍ക്കൊള്ളുന്ന പ്രകടന പത്രികയാണ് പുറത്തിറക്കിയിട്ടുള്ളത്.മണ്ഡലത്തില്‍ യു.ഡി.എഫ് പ്രതിനിധിയായി അഡ്വ.ടി സിദ്ദിഖ് തിരഞ്ഞെടുക്കപ്പെട്ടാല്‍ എമര്‍ജിംങ് കല്‍പ്പറ്റ എന്ന പേരില്‍ ഉച്ചക്കോടി സംഘടിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കുമെന്ന് യു.ഡി.എഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളജും, ജില്ലാ ആസ്പത്രിയും, താലൂക്ക് ആസ്പത്രിയും പ്രത്യേകം സ്ഥലങ്ങളില്‍ മികച്ച സംവിധാനങ്ങളോട് കൂടി സ്ഥാപിക്കും. അടിയന്തര പ്രാധാന്യത്തോടെ വയനാട് മെഡിക്കല്‍ കോളജ് ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിക്കും. കല്‍പ്പറ്റ ജനറല്‍ ആസ്പത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്കുയര്‍ത്തി സംസ്ഥാനത്തെ മാതൃകാ ആസ്പത്രിയാക്കി ഉയര്‍ത്തും. കായിക പ്രതിഭകളെ ചെറുപ്രായത്തില്‍ തന്നെ കണ്ടെത്താന്‍ ഗ്രാമീണ തലത്തില്‍ ടാലന്റ് ഹണ്ട് പ്രോഗ്രാം സംഘടിപ്പിക്കും. നേന്ത്രവാഴ കൃഷിക്കാര്‍ക്ക് സ്ഥിരം വിപണി ലക്ഷ്യമാക്കി വാഴകൃഷി പ്രോത്സാഹന സമിതി വയനാട്ടില്‍ രൂപീകരിക്കുകയും, ഉല്‍പ്പാദകര്‍ക്ക് ക്വാട്ട നിശ്ചയിച്ച് ബ്രാന്റ് ചെയ്ത ലോകോത്തര നിലവാരം ഉറപ്പുവരുത്തിയ വയനാടന്‍ ചിപ്‌സ് ഉല്‍പ്പാദിപ്പിച്ച് മാര്‍ക്കറ്റ് ചെയ്യും. വിഷരഹിത പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദിപ്പിച്ച് കുറ്റമറ്റ വില്‍പ്പന ശ്രൃംഖലയിലൂടെ വിപണനം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ പി.ടി ഗോപാലകുറുപ്പ്, അഡ്വ.ടി.ജെ ഐസ്‌ക്, കെ.വി പോക്കര്‍ ഹാജി, യഹ്‌യാഖാന്‍ തലക്കല്‍, സലിം മേമന എന്നിവര്‍ പങ്കെടുത്തു.