തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ ഒരുക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. ഏപ്രില്‍ 1, 2, 3 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയുളള സമയങ്ങളില്‍ ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് വോട്ടുളള നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളിലെത്തിയാണ് വോട്ട് രേഖപ്പെടുത്തേണ്ടത്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ തപാല്‍ മാര്‍ഗം അയച്ചിരുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ക്കാണ് ഈ വര്‍ഷം പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എല്ലാ പോളിംഗ് ഉദ്യോഗസ്ഥരും പോളിംഗുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുളളവരും ഈ അവസരം പ്രയോജനപ്പെടുത്തി സമ്മതിദാനാവകാശം വിനിയോഗിക്കണണമെന്നു കളക്ടര്‍ അറിയിച്ചു.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, മാനന്തവാടി നിയോജക മണ്ഡലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാള്‍, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലാണ് തപാല്‍ വോട്ടിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുളളത്്. വോട്ടര്‍ക്ക് രഹസ്യ സ്വഭാവത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിംഗ് ബൂത്തില്‍ ഒരുക്കുന്ന വിധത്തില്‍ പ്രത്യേക വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകള്‍ കേന്ദ്രങ്ങളില്‍ സ്ഥാപിക്കും. ജില്ലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓരോ കേന്ദ്രത്തിന്റെയും ചുമതല. വോട്ടു ചെയ്യാനെത്തുമ്പോള്‍ തിരിച്ചറിയല്‍ രേഖയും നിയമന ഉത്തരവും കൂടെ കരുതണം.
ഏതെങ്കിലും അടിയന്തര സാഹചര്യത്തില്‍ സൗകര്യം പ്രയോജനപ്പെടു ത്താന്‍ സാധിക്കാത്തവര്‍ക്ക് അവരുടെ അപേക്ഷ പ്രകാരം തപാല്‍മാര്‍ഗം ബാലറ്റ് അയച്ച് നല്‍കും. ഇതര ജില്ലകളില്‍ ജോലി ചെയ്യുന്ന വയനാട് ജില്ലയിലെ ഉദ്യോഗസ്ഥരുടെ വോട്ട് തപാല്‍ മാര്‍ഗം സ്വീകരിക്കും. വോട്ടെണ്ണല്‍ ദിവസം രാവിലെ 8 വരെ ലഭിക്കുന്ന തപാല്‍ ബാലറ്റുകളാണ് സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.