എഐസിസി നിരീക്ഷക സുല്‍ത്താന്‍ ബത്തേരിയിലെത്തി

0

യുഡിഎഫിന്റെ പ്രവര്‍ത്തനം വിലയിരുത്താനും പ്രചാരണത്തിനുമായി എഐസിസി നിരീക്ഷക സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെത്തി. ദേശീയ മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും, കര്‍ണ്ണാട കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഭാഗ്യലക്ഷ്മിയാണ് മണ്ഡലത്തിലെ വീടുകളില്‍ തനിച്ചും , പ്രവര്‍ത്തകര്‍ക്കൊപ്പവും കയറി ഇറങ്ങി അന്വേഷണവും പ്രചാരണവും നടത്തുന്നത്.

രാഹുല്‍ ഗാന്ധി എം പിയുടെ മണ്ഡലമായതിനാലാണ് ഒരോ നിയോജക മണ്ഡലത്തിലും പ്രത്യേക നിരീക്ഷകരെ പാര്‍ട്ടി വെച്ചിരിക്കുന്നത്. ഇവര്‍ പ്രവര്‍ത്തകര്‍ അറിയാതെ വീടുകള്‍ കയറി ഇറങ്ങി യു ഡി എഫിന്റെ പ്രചാരണത്തെ കുറിച്ചും നേതാക്കള്‍ എത്തുന്നുണ്ടോ എന്നതിനെ കുറിച്ചും മറ്റും ചോദിച്ചറിയുന്നുണ്ട്. ഈ വിവരങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് കൈമാറുന്നുമുണ്ട്. കൂടാതെ സ്ഥാനാര്‍ഥിക്കായി വോട്ടഭ്യര്‍ഥിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ വയനാട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലത്തിലും നിരീക്ഷകര്‍ പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്. ബത്തേരി നിയോജക മണ്ഡലത്തിന്റെ ചാര്‍ജ്ജ് ദേശീയ മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും, കര്‍ണ്ണാട കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയുമായ ഡോ. ഭാഗ്യലക്ഷ്മിക്കാണ്. ഇവര്‍ കഴിഞ്ഞ ഒരാഴ്ചയായി നിയോജക മണ്ഡലത്തില്‍ തങ്ങി മണ്ഡല ബൂത്ത് കമ്മറ്റികള്‍ കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ നെന്മേനി പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ക്കൊപ്പം പുഞ്ചവയല്‍ കോളനിയിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍, ഷിബു, റ്റി റ്റി സുലൈമാന്‍, ഷാലി മലങ്കര, മാലതി കാര്‍വര്‍ണന്‍, സദുപുഞ്ചവയല്‍ എന്നിവരും നിരീക്ഷകക്കൊപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!