ഇന്റര്‍നെറ്റ് വിഷാദരോഗത്തിലേക്ക് നയിക്കുമോ?

0

വിഷാദരോഗവും ഇന്റര്‍നെറ്റും – ഇതെങ്ങനെ സാധ്യമാവും? ഇന്റര്‍നെറ്റ് യഥാര്‍ത്ഥത്തില്‍ വിഷാദരോഗത്തിനുള്ള മരുന്നല്ലേ? എന്നാവും മിക്കവരും ചോദിക്കുക.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇന്റര്‍നെറ്റ് വിഷാദരോഗത്തിന്റെ ഒരു പ്രധാന കാരണമാണെന്ന്, പ്രത്യേകിച്ച്‌ യുവാക്കളിലും കൗമാരക്കാരിലും, പല പഠനങ്ങളും തെളിയിച്ചുകഴിഞ്ഞു.
നമ്മള്‍ ശ്വാസോച്ഛ്വാസം നടത്തുന്നതു പോലെ, ജീവിതം നിലനിര്‍ത്താന്‍ അത്യാവശ്യമായ ഒരു ഉപാധിയായിട്ടാണ് ഇന്റര്‍നെറ്റിനെ കാണുന്നത്. എഴുത്തും വായനയും അറിയാവുന്ന ആര്‍ക്കും ഇന്റര്‍നെറ്റ് ഉപയോഗിക്കാം. ഭാവനകള്‍ പുറത്തുവിടാനുള്ള ഒരിടമായും സാങ്കല്‍പ്പിക ലോകത്ത് സ്വയം അലിഞ്ഞ് ഇല്ലാതാകാനും യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാനും പറ്റിയ സ്ഥലമായും മറ്റും പലരും ഇന്റര്‍നെറ്റിനെ കാണാറുണ്ട്.
ഇക്കാലത്ത് ഓഫ്ലൈനില്‍ നടക്കുന്ന സാമൂഹിക കൂടിച്ചേരലുകളെക്കാള്‍ കൂടുതല്‍ ഓണ്‍ലൈനില്‍ നടക്കുന്നുണ്ട്. എന്തിനേറെ, വിവാഹങ്ങള്‍ പോലും ഓണ്‍ലൈനില്‍ നടക്കുന്നു!
എന്നാല്‍ എങ്ങിനെയാണ് ഇന്റര്‍നെറ്റ് വിഷാദരോഗത്തിനു കാരണമാകുന്നതെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അത് യഥാര്‍ത്ഥത്തില്‍ പലര്‍ക്കും സന്തോഷത്തിന്റെ സ്രോതസ്സാണ്. ഇന്റര്‍നെറ്റും വിഷാദരോഗവും തമ്മിലുള്ള ബന്ധം മനസ്സിലാക്കണമെങ്കില്‍ ആദ്യം വിഷാദരോഗം എന്താണെന്ന് മനസ്സിലാക്കണം.
എന്താണ് വിഷാദരോഗം?

(What is depression?)
ദു:ഖം, മനസ്സുമടുപ്പ്, മൂല്യച്യുതി, നിസ്സഹായത തുടങ്ങിയ മാനസികാവസ്ഥകളിലൂടെ നാം ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ കടന്നുപോകാറുണ്ട്. എന്നിരിക്കിലും, ഈ വികാരങ്ങള്‍ അതിതീവ്രമാവുകയും നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുകയും ചെയ്താല്‍ അതിനെ വിഷാദരോഗമെന്ന് വിളിക്കാം.
ഒരു സംഗതി ഒരേസമയം നല്ലതും ചീത്തയുമാവുന്നതെങ്ങിനെ? (How can something so good be so bad?)
തീയുടെയും ചക്രങ്ങളുടെയുമൊക്കെ കണ്ടുപിടുത്തത്തിനു ശേഷം മനുഷ്യരാശിക്ക് ലഭിച്ച ഏറ്റവും വലിയ വരദാനമായ ഇന്റര്‍നെറ്റ് ഒരേസമയം അനുഗ്രഹവും അനര്‍ത്ഥവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം പൂര്‍വികരുടേതിനെക്കാള്‍ അനായാസമാക്കാന്‍ ഇന്റര്‍നെറ്റ് സഹായിക്കുന്നു എന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല.

എന്നാല്‍, പൂര്‍വികര്‍ നേരിടേണ്ടി വന്നിട്ടില്ലാത്ത പല വിഷമതകളും ഇന്റര്‍നെറ്റ് മൂലം നമുക്ക് ഉണ്ടായിട്ടുണ്ട് എന്നതും സത്യമാണ്. എല്ലാ സീമകളും ലംഘിക്കാനും നമ്മുടെ ജീവിതം പരസ്യപ്പെടുത്താനും ഇന്റര്‍നെറ്റ് നമ്മെ അനുവദിച്ചു. പണ്ടു മുതല്‍ വിശുദ്ധങ്ങളായി കണ്ടിരുന്ന പലതും അങ്ങനെയല്ലാതായി. രഹസ്യങ്ങള്‍ പരസ്യമായി.
തമാശയ്ക്കും വിനോദത്തിനും വിവരശേഖരണത്തിനും വേണ്ടിയായിരിക്കും ഒരാള്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങുക.

എന്നാല്‍, കാലക്രമേണ അത് ദുരുപയോഗം നടത്തിതുടങ്ങിയാല്‍ രോഗലക്ഷണമായി മാറും. പ്രത്യേകിച്ച്‌, സാമൂഹിക സൈറ്റുകള്‍, ഗേമിംഗ് സൈറ്റുകള്‍, അശ്ലീല സൈറ്റുകള്‍ എന്നിവയ്ക്ക് അടിമപ്പെട്ടു പോകുന്ന യുവാക്കളെയും കൗമാരക്കാരെയുമാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ഇന്റര്‍നെറ്റ് മൂലമുണ്ടാകുന്ന വിഷാദരോഗത്തിന്റെ ചില ഉത്തമ മാതൃകകള്‍ താഴെ പറയുന്നു;
സാധാരണ ഇടപെടലുകളില്‍ വിമുഖത കാണിക്കുക.
അധോമുഖത്വം.
സാമൂഹിക ഇടപെടലുകളില്‍ അസ്വാഭാവികത.
ഒറ്റപ്പെടാനുള്ള ആഗ്രഹം.
പഠനത്തിലും ജോലിയിലും പിന്നോട്ടാവുക.
കോപം അല്ലെങ്കില്‍ വ്യക്തിത്വം പ്രതിരോധാത്മകമാവുക.
സാമൂഹിക സൈറ്റുകളില്‍ കമന്റ് സ്റ്റാറ്റസ് അറിയാന്‍ പ്രൊഫൈല്‍ പരിശോധിക്കാനുള്ള ആഗ്രഹം എപ്പോഴുമുണ്ടാകുക.
ഇന്റര്‍നെറ്റില്‍ മുഴുകുന്ന സമയ ദൈര്‍ഘ്യം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഒഴിഞ്ഞുമാറി നടക്കുക.
ഇന്റര്‍നെറ്റ് എന്ന പുതിയ ലഹരിപിടിപ്പിക്കലിന് ഒരു തരത്തില്‍ നാമെല്ലാം കുറ്റക്കാരാണ്. ഇന്റര്‍നെറ്റ് അടിമയാകലിനെ മനോരോഗ വിദഗ്ധര്‍ കാണുന്നത് മയക്കുമരുന്ന് ദുരുപയോഗത്തിനു തുല്യമായാണ്.

ഇന്റര്‍നെറ്റ് ഉപയോഗവും മാനസിക തകര്‍ച്ചയും വിഷാദരോഗവും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന പല പഠനങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
നേരത്തെ, വിഷാദരോഗം മുതിര്‍ന്നവരെ ബാധിക്കുന്ന മാനസിക പ്രശ്നമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാല്‍, ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ യുവാക്കളും കുട്ടികളും ഇതിന് ഇരയായിക്കൊണ്ടിരിക്കുന്നു. ഇന്റര്‍നെറ്റ് വ്യാപകമാകുന്നതിനു മുമ്ബ്, കുടുംബങ്ങളില്‍ പരസ്പരം സംസാരിക്കുന്നതിനും പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നതിനും സാഹചര്യമുണ്ടായിരുന്നു. കുട്ടികളും കൗമാരക്കാരും തങ്ങളുടെ പ്രശ്നങ്ങളെ കുറിച്ച്‌ മാതാപിതാക്കളുമായി ചര്‍ച്ചചെയ്യാനുള്ള അവസരവും ഉണ്ടായിരുന്നു.

ഇത് കുടുംബാംഗങ്ങള്‍ക്ക് പരസ്പരം മനസ്സിലാക്കാനും സഹായിക്കാനും ഉള്ള സാഹചര്യമൊരുക്കി.
ഇന്റര്‍നെറ്റ് അടിമത്വം മൂലം ആളുകള്‍, പ്രത്യേകിച്ച്‌ കൗമാരക്കാര്‍, ഒറ്റപ്പെട്ട തുരുത്തുകള്‍ തീര്‍ത്തു. ഇതോടെ, സഹപാഠികളുമായും കുടുംബാംഗങ്ങളുമായും ഉള്ള ബന്ധം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായി മാറി. അവരുടെ പ്രതിച്ഛായ നിയന്ത്രിക്കുന്നത് ഇന്റര്‍നെറ്റില്‍ നിന്നുള്ള പ്രതികരണങ്ങള്‍ മാത്രമായി മാറുകയും ചെയ്തു.
ഈ പ്രതിഭാസത്തെ കുറിച്ചുള്ള ഗവേഷണം (Research on this phenomenon)
വിവിധ പ്രായക്കാര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം (ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഡിസോര്‍ഡര്‍ – ഐ എ ഡി) വിഷാദരോഗത്തിനു കാരണമായേക്കാമെന്ന് തെളിഞ്ഞിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഐ എ ഡിക്ക് കൂടുതല്‍ ഇരകളാവുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

ചൈന പോലെയുള്ള രാജ്യങ്ങളില്‍ ഇതിനായി പുനരധിവാസകേന്ദ്രങ്ങള്‍ പോലും തുറന്നിട്ടുണ്ട്. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് ഐ എ ഡിക്ക് ഇരകളാവുന്നത്. കൗമാരക്കാര്‍, ഇരുപതുകളിലും മുപ്പതുകളിലും ഉള്ള യുവാക്കള്‍ എന്നിവരാണ് ഇന്റര്‍നെറ്റ് മൂലമുള്ള വിഷാദരോഗത്തിന് അടിമപ്പെടാന്‍ കൂടുതല്‍ സാധ്യതയെന്നും പഠനത്തില്‍ പറയുന്നു.
എന്നാല്‍, ‘കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത്’ എന്നു ചോദിക്കും പോലെ മറ്റൊരു ചര്‍ച്ചയ്ക്കും ഇവിടെ സാധ്യതയുണ്ട്. വിഷാദത്തിന് അടിമപ്പെട്ടവര്‍ അല്‍പ്പം സാമൂഹിക ഇടപെടലുകള്‍ക്കായി ഇന്റര്‍നെറ്റില്‍ എത്തുകയാണോ അതോ നേര്‍ വിപരീതമായാണോ സംഭവിക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല.
ഇന്റര്‍നെറ്റ് ഉപയോഗം വിഷാദരോഗത്തിനു കാരണമാകുന്നുണ്ട്.

അങ്ങനെയെങ്കില്‍, മനുഷ്യസമൂഹത്തിന് ലഭിച്ച സമ്മാനം അതേ സമൂഹത്തിന് ശാപമാകുമോ? നമുക്ക് ചുറ്റുമുള്ളവരുടെ (കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍) ഇത്തരം മാനസിക പ്രശ്നങ്ങള്‍ നാം തിരിച്ചറിയുകയും അവര്‍ക്ക് സഹായം ആവശ്യമാണെന്ന് ധരിപ്പിക്കുകയും വേണം.

Leave A Reply

Your email address will not be published.

error: Content is protected !!