ബത്തേരി കൊളഗപ്പാറ ചൂരിമലയില്‍ കടുവ പശുവിനെ കൊന്നതില്‍
പ്രതിഷേധവുമായി എത്തിയ നാട്ടുകാര്‍ സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ജനപ്രതിനിധികളടക്കം സ്ഥലത്തെത്തി ചര്‍ച്ച നടത്തി കടുവയെ പിടികൂടാമെന്ന ഉറപ്പിന്മേലാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്.
വെളളിയാഴ്ച വൈകിട്ടോടെയാണ്‌കൊളഗപ്പാറ ചൂരിമല സ്വദേശിയായ സണ്ണിയുടെ പശുവിനെ കടുവ കടിച്ചു കൊന്നത്. ചൂരിമലയോട് ചേര്‍ന്നുള്ള ബിനാച്ചി എസ്‌റ്റേറ്റില്‍ നിന്നുമാണ് കടുവ ഇറങ്ങി മേയാന്‍ വിട്ട പശുവിനെ കൊന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകരെ കടുവയെ പിടികൂടാന്‍ നടപടി വേണമെന്നാവശ്യപ്പട്ട് നാട്ടുകാര്‍ തടഞ്ഞുവച്ചു. ഇതിനിടെ പശുവിന്റെ ഉടമ സണ്ണി വനംവകുപ്പിന്റെ വാഹനത്തിന്റെ അടിയില്‍ കിടന്നു പ്രതിഷേധിച്ചു. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടു നിന്നു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യും, സ്ഥലം ഡിവിഷന്‍ കൗണ്‍സിലര്‍ സി കെ സഹദേവനും അടക്കമുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തി ഡി എഫ് ഒ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കടുവയെ പിടികൂടാന്‍ കൂട് വയ്ക്കാമെന്നും, നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നുമുള്ള ഉറപ്പ് വനം വകുപ്പില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.