നേതാക്കള്‍ പാര്‍ട്ടി വിട്ട് എതിര്‍ പാര്‍ട്ടിയില്‍ ചേരുന്ന സംഭവങ്ങളുടെ എണ്ണം ജില്ലയില്‍ കൂടിവരുന്നതാണ് ഇപ്പോള്‍ ചര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നുമാണ് കൂടുതലും നേതാക്കള്‍ രാജി വയ്ക്കുന്നത്. സിപിഎം നേതാവും രാജിവെച്ച് കോണ്‍ഗ്രസിനൊപ്പം എത്തിയിട്ടുണ്ട്.
രാഹുലിന്റെ തട്ടകത്തില്‍ സംഭവിക്കുന്നതെന്ത്? വയനാട്ടില്‍ നേതാക്കള്‍ പാര്‍ട്ടി മാറിക്കളിക്കുന്നതെന്തുകൊണ്ട്?
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥിയായി എത്തിയതോടെ രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട പേരാണ് വയനാട്. ജില്ലയുടെ പിന്നോക്കാവസ്ഥയും മെഡിക്കല്‍ കോളജിന്റെ അഭാവവുമെല്ലാം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. യുഡിഎഫ് അനുകൂല ജില്ല എന്നറിയപ്പെട്ടിരുന്ന വയനാട്, എന്നാല്‍ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിറം മാറി. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും രണ്ടെണ്ണവും ഇടതുപക്ഷത്തിനൊപ്പം നിന്നു. സംസ്ഥാനത്തെ തന്നെ രണ്ട് പട്ടിക വര്‍ഗ സംവരണ മണ്ഡലങ്ങളും ചെറിയ ജില്ലയായ വയനാട്ടിലാണ്. സുല്‍ത്താന്‍ ബത്തേരിയും മാനന്തവാടിയും.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ ഒ ആര്‍ കേളുവും കല്‍പറ്റയില്‍ സി കെ ശശീന്ദ്രനും ജയിച്ചപ്പോള്‍ ബത്തേരി മാത്രമാണ് ഐ സി ബാലകൃഷ്ണനിലൂടെ യുഡിഎഫിന് നിലനിര്‍ത്താനായത്. മെഡിക്കല്‍ കോളജ്, ബദല്‍ പാത, രാത്രിയാത്രാ നിരോധനം, റെയില്‍വേ തുടങ്ങി നിരവധി വിഷയങ്ങളാണ് ഇത്തവണ ചര്‍ച്ചയാകുന്നത്. സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇരുമുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം നിന്നു.
രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായതുകൊണ്ട് തന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതീവ ശ്രദ്ധയാണ് കോണ്‍ഗ്രസ് പുലര്‍ത്തുന്നത്. തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ പഴുതുകളടച്ചുള്ള പ്രവര്‍ത്തനത്തിനാണ് ഇത്തവണ യുഡിഎഫ് ഒരുങ്ങുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുംതോറും ജില്ലയിലെ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. നേതാക്കള്‍ പാര്‍ട്ടി വിട്ട് എതിര്‍ പാര്‍ട്ടിയില്‍ ചേരുന്ന സംഭവങ്ങളുടെ എണ്ണം ജില്ലയില്‍ കൂടിവരുന്നതാണ് ഇപ്പോള്‍ ചര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നുമാണ് കൂടുതലും നേതാക്കള്‍ രാജി വയ്ക്കുന്നത്. സിപിഎം നേതാവും രാജിവെച്ച് കോണ്‍ഗ്രസിനൊപ്പം എത്തിയിട്ടുണ്ട്.
കെ കെ വിശ്വനാഥന്‍ രാജിവച്ചു; തിരിച്ചെത്തി
വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡി സി സി മുന്‍ ഉപാധ്യക്ഷനുമാണ് കെ കെ വിശ്വനാഥന്‍. ജില്ലയിലെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. മുന്‍ മന്ത്രി കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ സഹോദരനാണ് വിശ്വനാഥന്‍. കഴിഞ്ഞ 5 പതിറ്റാണ്ടായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റി അംഗം കൂടിയാണ് വിശ്വനാഥന്‍. സിപിഎമ്മിലേക്ക് പോകുമെന്നായിരുന്നു വിവരം. എന്നാല്‍ ഇന്നലെ തന്നെ വിശ്വനാഥനെ കോണ്‍ഗ്രസ് തിരിച്ചു പിടിച്ചു. കെപിസിസി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലൂടെയാണ് സമവായം ഉരുത്തിരിഞ്ഞത്.
കെപിസിസി നേതൃത്വത്തില്‍ നിന്നുള്ള അവഗണനയും ജില്ലാ കോണ്‍ഗ്രസ് സമിതിയുടെ അവഗണനയുമാണ് കാരണമായി രാജിക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. താന്‍ ഉള്‍പ്പെട്ട കുറുമ സമുദായത്തെ കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നതാണ് മറ്റൊരു പരാതി. വയനാട് ജില്ലയില്‍ പ്രധാന ആദിവാസി വിഭാഗമാണ് കുറുമ. ഈ സമുദായത്തെ പ്രതിനിധീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ടിക്കറ്റ് കിട്ടുമെന്ന് കഴിഞ്ഞ രണ്ട് തവണയും വിശ്വനാഥന്‍ പ്രതീക്ഷിച്ചെങ്കിലും നടന്നില്ല. വയനാട്ടിലെ ഡിസിസി നേതൃത്വം സമ്പൂര്‍ണ പരാജയമാണെന്നും വിശ്വനാഥന്‍ പറയുന്നു.
സിപിഎം നേതാവ് ഇ എ ശങ്കരന്‍ കോണ്‍ഗ്രസില്‍
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എകെഎസ് സംസ്ഥാന സെക്രട്ടറിയും ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച് അഖിലേന്ത്യ ഉപാധ്യക്ഷനും പാര്‍ട്ടി പുല്‍പ്പള്ളി ഏരിയാ കമ്മിറ്റി അംഗവുമായ ഇ എ ശങ്കരന്‍ രാജിവെച്ചു. കോണ്‍ഗ്രസില്‍ ചേരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ ആദിവാസി സംഘടനയാണ് ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്. കോണ്‍ഗ്രസ് വിട്ട എം എസ് വിശ്വനാഥന്‍ സിപിഎമ്മില്‍ ചേരുന്നതില്‍ പ്രതിഷേധിച്ചാണ് രാജി. ശങ്കരനെ സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഎം സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. സിപിഎമ്മിലെ മുഴുവന്‍ സ്ഥാനമാനങ്ങളും രാജിവെച്ചതായി ശങ്കരന്‍ വ്യക്തമാക്കി. ആദിവാസികളോട് വഞ്ചനാപരമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ബത്തേരിയില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം ഇ എ ശങ്കരന്‍ തള്ളി. നിലവില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചരണമാണെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിന്റെ പാസ്സ്‌വേര്‍ഡ് അറിയാവുന്ന സിപിഎം നേതാക്കള്‍ ആണ് ഇതിന് പിന്നില്‍. സിപിഎമ്മില്‍ നിന്നും രാജിവെച്ച് ഉടന്‍തന്നെ ഫേസ്ബുക്ക് പേജിലെ പാസ്സ്‌വേര്‍ഡ് സിപിഎം നേതാക്കള്‍ മാറ്റിയെന്നും അദ്ദേഹം പറയുന്നു.
മഹിളാ കോണ്‍ഗ്രസ് നേതാവ് സുജയ വേണുഗോപാല്‍ സിപിഎമ്മില്‍
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ സുജയ വേണുഗോപാലും പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതാവും കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ എന്‍. വേണുഗോപാലിന്റെ ഭാര്യയാണ് സുജയ. കഴിഞ്ഞ ദിവസം സുജയ സിപിഎം വേദിയിലെത്തി. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നാണ് സുജയയുടെ പരാതി. സിപിഎം കല്‍പ്പറ്റ നിയമസഭാ മണ്ഡലം വികസന വിളംബര ജാഥയില്‍ സുജയ പങ്കെടുത്തു. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രന്‍ അവരെ സ്വീകരിച്ചു. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുമെന്ന് സിപിഎം നേതൃത്വം പറയുന്നു.
പി കെ അനില്‍കുമാര്‍ എല്‍ജെഡിയില്‍
ഡിസിസി ജനറല്‍ സെക്രട്ടറിയും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പി കെ അനില്‍ കുമാര്‍ അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ടത്. അദ്ദേഹം എല്‍ജെഡിയില്‍ ചേര്‍ന്നു. നേരത്തെ വയനാട് ജില്ലാ പഞ്ചായത്തംഗവും കല്‍പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
മുസ്ലിംലീഗില്‍ നിന്ന് രാജിവെച്ച് ദേവകി എല്‍ജെഡിയില്‍
മുസ്ലിം ലീഗ് നേതാവ് എ ദേവകി അടുത്തിടെ രാജിവച്ചിരുന്നു. ഇവരും എല്‍ജെഡിയില്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റാണ് ദേവകി. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ് കുമാര്‍ എംപിയാണ് ദേവകിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
കെ എസ് സഹദേവന്‍ രാജിവെച്ചു
കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗവും തവിഞ്ഞാല്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കെ എസ് സഹദേവനും കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സഹദേവന്‍ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡിലെ പ്രശ്‌നങ്ങള്‍ ഡിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാത്ത നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സഹദേവന്‍ പറഞ്ഞു.
നിലവില്‍ കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ കമ്മിറ്റി അംഗമാണ് സഹദേവന്‍. മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മുന്‍തവിഞ്ഞാല്‍ പഞ്ചായത്ത് അംഗം,തലപ്പുഴ ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ്, തലപ്പുഴ എഞ്ചിനീയറിംഗ് കോളേജ്, ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പി ടി എ പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുണ്ട്