നേന്ത്രപ്പഴം കയറ്റുമതി പദ്ധതിക്ക് ഇന്ന് തുടക്കം

0

സി-ഷിപ്മെന്റ് പ്രോട്ടോകോൾ വികസിപ്പിച്ച് നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്ന പദ്ധതിക്ക് ഇന്ന് തുടക്കം. ആദ്യ കണ്ടെയ്നർ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെടും. കേരളത്തിന്റെ കാർഷികരംഗത്ത് വലിയ കുതിച്ചുചാട്ടത്തിന് ഇത് വഴിയൊരുക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. തളിർ എന്ന ബ്രാൻഡിൽ കേരളത്തിൽ നിന്നുള്ള മികച്ച ഗുണനിലവാരമുള്ള വാഴപ്പഴം യൂറോപ്യൻ രാജ്യങ്ങളിലെ തീന്‍മേശകളെ അലങ്കരിക്കും.

സംസ്ഥാന കൃഷി വകുപ്പ് മുൻകൈയെടുത്താണ് വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും കയറ്റി അയക്കാൻ തുടങ്ങിയിരിക്കുന്നത്. സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആന്റ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിക്കുന്ന ഈ അഭിമാനപദ്ധതി ഇന്ത്യയിൽ തന്നെ ആദ്യത്തെ സംസ്ഥാനസർക്കാർ സംരംഭമാണെന്ന് മന്ത്രി പറഞ്ഞു.

കേരളത്തിൽ നിന്നുള്ള നാടൻ നേന്ത്രപ്പഴത്തിന് യൂറോപ്യൻ രാജ്യങ്ങളിൽ വൻ വിപണന സാധ്യതയാണുള്ളത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് 25 ലക്ഷം രൂപയുടെ ആർകെവിവൈ പദ്ധതിയുടെ സഹായത്തോടെ കപ്പൽമാർഗ്ഗം നേന്ത്രപ്പഴം യൂറോപ്യൻ നാടുകളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ പ്രോട്ടോകോൾ വികസിപ്പിക്കുന്നതിനായി നടപടി സ്വീകരിച്ചത്.

സ്വകാര്യ കമ്പനികൾ പലതും വിദേശരാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് വാഴപ്പഴം ഉൾപ്പെടെ കയറ്റുമതി ചെയ്യുന്നുണ്ടെങ്കിലും സംസ്ഥാനസർക്കാർ നേരിട്ട് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത് ഇതാദ്യമായാണ്. ഈ സർക്കാർ അധികാരത്തിൽ വന്ന സമയത്തുതന്നെ കേരളത്തിൽ ഉല്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് കർഷകർക്ക് ഉറപ്പ് നൽകിയിരുന്നതാണ്. ഇപ്പോൾ ആ വാഗ്ദാനവും നിറവേറ്റിയിരിക്കുയാണെന്ന് മന്ത്രി സുനിൽകുമാർ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!