എല്‍സ്റ്റണില്‍ വീണ്ടും പണിമുടക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി.

0

തൊഴിലാളികളുടെ ശമ്പളവും ഗ്രാറ്റുവിറ്റിയും നല്‍കാത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിനെതിരെ സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ശനിയാഴ്ച എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച് നടത്തി.കൃത്യമായി കുടിവെള്ളം ലഭ്യമാക്കുക,കമ്പിളിപുതപ്പ് വിതരണം ചെയ്യുക,വീടുകള്‍ താമസയോഗ്യമാക്കുക എന്നീ ആവശ്യങ്ങളും മാര്‍ച്ചില്‍ ഉന്നയിച്ചു.നാല്ഘട്ടമായി നടത്തുന്ന സമരത്തിന്റെ ആദ്യഘട്ടമായാണ് എസ്‌റ്റേറ്റ് ഓഫീസ് മാര്‍ച്ച്.എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലായി 167 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. മൂന്നുമാസമായി ശമ്പളം നല്‍കിയിട്ടില്ല. 72 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്.സര്‍വീസില്‍ നിന്നും പിരിഞ്ഞ ഇവര്‍ നിരവധി വര്‍ഷങ്ങള്‍ എസ്റ്റേറ്റില്‍ തുടര്‍ന്നും ജോലി ചെയ്തിരുന്നു.ഇവരുടെ പി.എഫിലേക്ക് പറഞ്ഞ് പിടിച്ച തുക അടച്ചില്ല.ഈ വിഷയങ്ങള്‍ ഉയര്‍ത്തി വിവിധ സംഘടനകള്‍ക്ക് ഒറ്റയ്ക്കും കൂട്ടായും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്തിയിട്ടും പരിഹാരം ഉണ്ടാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല.തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ സാനിധ്യത്തില്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍പോലും നടപ്പാക്കുന്നില്ല. സമരത്തിന്റെ രണ്ടാംഘട്ടമായി ഒക്ടോബര്‍ നാലിന് കലക്ടറേറ്റ് മാര്‍ച്ച് നടത്തും.മൂന്നാംഘട്ടമായി എസ്‌റ്റേറ്റ് ഉടമയുടെ കാസര്‍കോഡ് വീട്ടുപടിക്കല്‍ കുത്തിയിരിപ്പ് സമരം നടത്തും. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുനില്ലെങ്കില്‍ തൊഴിലാളികള്‍ ഭൂമി കൈവശപ്പെടുത്തി കുടില്‍കെട്ടി ചപ്പ്പറിച്ച് വില്‍പ്പന നടത്തും.സമരം സന്ദേശമുയര്‍ത്തി മൂന്നുഡിവിഷനുകളിലും സംയുക്തട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികളുടെ കണ്‍വെന്‍ഷന്‍ നടത്തും.ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി.ആലി മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്തു.എന്‍ വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.യു.കരുണന്‍(സി ഐ ടി യു),കെ.ടി.ബാലകൃഷ്ണന്‍(സി ഐ ടി യു), എന്‍.ഒ.ദേവസ്യ(എച്ച്.എം.എസ്),ഡി.രാജന്‍ (എച്ച്.എം.എസ്),സാം പി മാത്യു,കെ.കെ.രാജേന്ദ്രന്‍, പി.നാഗന്‍,കെ.പി.കുഞ്ഞിമുഹമ്മദ്,എ.ആലി, പി.തങ്കരാജ് ,കെ.സെയ്തലവി ,എന്‍ ദേവദാസ് എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!