ഇരുട്ടടി… സൗജന്യ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ത്തലാക്കി

0

വയനാട് മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി നടത്തിവന്ന ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നിര്‍ത്തലാക്കി. ടെസ്റ്റ് നിര്‍ത്തലാക്കിയതോടെ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും ജനപ്രവാഹം. സാമ്പത്തിക ബാധ്യതയേറിതിനാലാണ് സാധാരണക്കാര്‍ സൗജന്യ ടെസ്റ്റ് നിര്‍ത്തലാക്കിയത്. എന്നാല്‍ പരിശേധന പുനരാരംഭിക്കുമെന്നാണ് ഡി.എം.ഒ യുടെ വിശദീകരണം.

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ജില്ലയിലെ പ്രധാന ഗവ: ആശുപത്രികളില്‍ ആന്റിജന്‍ പരിശോധനയും ആര്‍.ടി.പി.സി.ആര്‍ടെസ്റ്റും സൗജന്യമായിരുന്നു. പിന്നീട് ആന്റിജന്‍ പരിശോധന കിടത്തിചികിത്സിക്കുന്ന രോഗികള്‍ക്ക് മാത്രമാക്കിയിരുന്നു. ഇപ്പോള്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിര്‍ത്തലാക്കി. ജീവനക്കാരുടെ കുറവ് മൂലമാണ് ആരോഗ്യ വകുപ്പ് സൗജന്യ പരിശോധന നിര്‍ത്തലാക്കിയത്.

നേരത്തേ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിരവധി താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിരുന്നു. ഇതിനാലാണ് സൗജന്യ ആര്‍.ടി.പി.സി.ആര്‍.ടെസ്റ്റും, ആന്റിജന്‍ പരിശോധനയും ഗവ: ആശുപത്രികളില്‍ നല്‍കി വന്നിരുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് കോവിഡ് ബ്രിഗേഡ് ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ജീവനക്കാരുടെ കുറവ് മൂലം ആരോഗ്യ മേഖലയിലെ പ്രവര്‍ത്തനം താളം തെറ്റുകയായിരുന്നു.

പിന്നീട് ആശുപത്രികളില്‍ പ്രത്യേക ഏജന്‍സികളെ നിയോഗിച്ച് മൊബൈല്‍ യൂണിറ്റുകളെത്തിച്ച് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ അതും നിര്‍ത്തലാക്കിയതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ആര്‍.ടി പി.സി.ആര്‍.പൂര്‍ണ്ണമായും ഇല്ലാതായത്. ഇതോടെ പനി, മറ്റ് ശാരീരിക അസുഖങ്ങള്‍ ഉളളരോഗികള്‍ കോവിഡ് രോഗമുണ്ടോ എന്നറിയുന്നതിനായി സ്വകാര്യ ആശുപത്രികളെയും ലാബുകളെയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ഇവിടങ്ങളില്‍ പരിശോധനക്ക് അഞ്ഞൂറ് രൂപയാണ് ഈടാക്കുന്നത്. ആദിവാസികളടക്കമുള്ള നിര്‍ദ്ദനര്‍ക്ക് ആര്‍.ടി.പി.സി.ആര്‍. പരിശോധന വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!