നീന്തല്‍ പരിശീലനത്തില്‍ പുതുമാതൃക തീര്‍ത്ത് ചേലൂര്‍ ഗ്രാമം

0

നീന്തല്‍ പരിശീലനത്തില്‍ പുതുമാതൃക തീര്‍ത്ത് മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ചേലൂര്‍ ഗ്രാമം. ചേലൂരിലെ തംബുരു ലൈബ്രറി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഗ്രാമത്തിലെ കുട്ടികള്‍ക്കായി നീന്തല്‍ പരിശീലനം നടത്തിവരുന്നത്.ആണ്‍കുട്ടികളെയും,  പെണ്‍കുട്ടികളെയും മികച്ച പരിശീലനം നല്‍കി മത്സരത്തിന് സജ്ജമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം.

കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച പരീശീലനം 11 ദിവസങ്ങള്‍ക്ക് മുമ്പാണ് വീണ്ടും പുനരാരംഭിച്ചത്.പുഴയിലും മറ്റും പോയി കുട്ടികള്‍ മരിക്കുന്ന സംഭവങ്ങള്‍ ഒഴിവാക്കാന്‍ നീന്തല്‍ പരിശീലനം കൊണ്ട് സാധിക്കുമെന്നും അമ്പതോളം കുട്ടികളാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നതെന്ന് ക്ലബ്ബ് പ്രസിഡന്റായ ചേലൂര്‍ വെട്ടുകാട്ടില്‍ ജോയി ജോസഫ് പറഞ്ഞു. ഗ്രാമത്തിലെ കുട്ടികളെ സൗജന്യമായാണ് നീന്തല്‍ പരിശീലിപ്പിച്ച് വരുന്നത്. അതോടൊപ്പം തന്നെ പാടിച്ചിറ, മരക്കടവ്, പെരിക്കല്ലൂര്‍, മുള്ളന്‍കൊല്ലി, പട്ടാണിക്കൂപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും നിരവധി കുട്ടികളാണ് പരിശീലനക്ക ളരിയിലെത്തുന്നത്.

കുപ്പികളും കല്ലുകളും നിറഞ്ഞ ചെക്കുഡാം പ്രദേശത്തെ യുവാക്കളുടെ കഠിനപ്രയത്‌നം കൊണ്ടാണ് പരിശീലത്തിനായി സജ്ജമാക്കിയത്. രാവിലെ ആറ് മണി മുതല്‍ ഉച്ച വരെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ പരിശീലനം. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരിശീലനത്തിനായി നിരവധി രക്ഷിതാക്കളും ഇവിടെയെത്തുന്നുണ്ട്. അഭിലാഷ് ജോണ്‍, രാജേഷ് സേവ്യര്‍, അജീഷ് ജോണ്‍ തുടങ്ങിയവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കി വരുന്നത്. ഒരു വനിതാ പരിശീലകയും ഇവിടെയുണ്ട്. നീന്തല്‍ ഗ്രേസ് മാര്‍ക്കടക്കം ലഭിക്കുന്ന കായികയിനമായതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളാണ് കൂടുതലായി ഇവിടെ പരിശീലനത്തിനെത്തുന്നത്. ജീവിതശൈലി രോഗങ്ങളടക്കം പ്രതിരോധിക്കുന്ന മികച്ച കായികയിനമെന്ന എന്ന രീതിയില്‍ മുതിര്‍ന്നവരും ധാരാളമായി നീന്തല്‍ അഭ്യസിക്കാന്‍ ഇവിടെയെത്തുന്നുണ്ട്‌

Leave A Reply

Your email address will not be published.

error: Content is protected !!