തീയറ്റർ കളക്ഷൻ കുറവ്; നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ സിനിമകളും മാറ്റിവച്ചു

0

നാളെ റിലീസ് ചെയ്യാനിരുന്ന എല്ലാ മലയാള സിനിമകളും മാറ്റിവച്ചു. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ കളക്ഷൻ കുറവാണെന്നും ഈ തരത്തിൽ മുന്നോട്ടുപോവുക ബുദ്ധിമുട്ടാണെന്നും ചൂണ്ടിക്കാട്ടിയാണ് റിലീസുകൾ മാറ്റിവച്ചത്. കളക്ഷൻ കുറവായതിനാൽ സംസ്ഥാനത്തെ 60 ശതമാനം തീയറ്ററുകളും അടച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിനിമാ റിലീസുകൾ മാറ്റിവച്ചത്.

 

സെക്കൻഡ് ഷോ ഇല്ലാത്തത് തീയറ്റർ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ സർക്കാരിനു കത്ത് നൽകി. നിയന്ത്രണങ്ങളോടെയുള്ള പ്രദർശനം വൻ സാമ്പത്തിക പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് നിർമാതാക്കൾ പറയുന്നു. സെക്കൻഡ് ഷോ കൂടി നടത്താതെ പിടിച്ചു നിൽക്കാനാവില്ലെന്ന് സിയാദ് കോക്കർ വ്യക്തമാക്കി. വിനോദ നികുതി ഇളവ് മാർച്ച് 31 വരെയാണ് നൽകിയിരുന്നത്. ഇതടക്കമുള്ള ഇളവുകൾ മാർച്ച് 31നു ശേഷവും തുടരണമെന്നും സിനിമാ സംഘടനകൾ ആവശ്യപ്പെടുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ തീയറ്ററുകൾ പൂർണമായും അടഞ്ഞു കിടക്കുന്ന അവസ്ഥ ഉണ്ടാകുമെന്ന് ഫിലിം ചേംബർ അറിയിച്ചു.

മരട്, വർത്തമാനം, ടോൾ ഫ്രീ, അജഗജാന്തരം, കള തുടങ്ങിയ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്. ഇതിൽ മരടും വർത്തമാനവും കഴിഞ്ഞ ആഴ്ചയാണ് റിലീസ് നിശ്ചയിച്ചിരുന്നത്. മറ്റ് സിനിമകൾ നാളെ ആയിരുന്നു റിലീസ്. മാർച്ച് 4 ന് റിലീസ് ചെയ്യേണ്ടിയിരുന്ന മമ്മൂട്ടി ചിത്രം പ്രീസ്റ്റിൻ്റെ റിലീസും അനിശ്ചിതത്വത്തിലാണ്.

Leave A Reply

Your email address will not be published.

error: Content is protected !!