ജില്ലാ ഭരണകൂടങ്ങള്‍ മുഖേന രാഷ്ട്രപതിക്ക് ഭീമ ഹര്‍ജി അയക്കുന്നത് അടക്കം കര്‍ഷക പ്രക്ഷോഭത്തില്‍ കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ശനിയാഴ്ച വരെയുള്ള സമരപരിപാടികളാണ് പ്രഖ്യാപിച്ചത്. അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ കിസാന്‍ മഹാപഞ്ചായത്തുകള്‍ക്ക് ഇന്ന് തുടക്കമിടും. ഈ മാസം ഇരുപത്തിയെട്ടിന് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിക്കുന്ന കര്‍ഷക മഹാ കൂട്ടായ്മയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പങ്കെടുക്കും.
ഒരാഴ്ച നീളുന്ന സമരപരിപാടികളാണ് സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ചത്. സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ ബുധനാഴ്ച ജില്ലാ ആസ്ഥാനങ്ങളും താലൂക്കുകളും മുഖേന രാഷ്ട്രപതിക്ക് നിവേദനം നല്‍കും. വെള്ളിയാഴ്ച യുവ കര്‍ഷക ദിനമായി ആചരിക്കും. അന്നേദിവസം സമരവേദികള്‍ നിയന്ത്രിക്കുന്നത് യുവ കര്‍ഷകരായിരിക്കും. ശനിയാഴ്ച ചന്ദ്രശേഖര്‍ ആസാദ് രക്തസാക്ഷി ദിനത്തില്‍ കിസാന്‍ മസ്ദൂര്‍ ഏകതാ ദിനമായി ആചരിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു.
അഖിലേന്ത്യാ കിസാന്‍ സഭയുടെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച വരെ കര്‍ഷക മഹാ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. ഇന്ന് ഹനുമാന്‍ഗഡിലെ നോഹറില്‍ കിസാന്‍ മഹാപഞ്ചായത്തിന് തുടക്കമിടും. അതേസമയം, റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത എട്ട് കര്‍ഷകര്‍ കൂടി ജാമ്യത്തിലിറങ്ങി. ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം എണ്‍പത്തിയൊന്‍പതാം ദിവസത്തിലേക്ക് കടന്നു.