മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ റൂള്‍ കര്‍വ് തമിഴ്‌നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് നടപടി. കഴിഞ്ഞ ആറ് വര്‍ഷമായി സംസ്ഥാനം റൂള്‍ കര്‍വ് ലഭിക്കണമെന്നു തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. അണക്കെട്ടിലെ ജലം നിയന്ത്രിത അളവില്‍ ശേഖരിച്ച് നിര്‍ത്തുന്നതിനായി ശാസ്ത്രീയമായ അളവുകള്‍ കണക്കാക്കുന്നതാണ് റൂള്‍ കര്‍വ്. നിലവില്‍ നല്‍കിയ റൂള്‍ കര്‍വില്‍ ഷട്ടര്‍ പ്രവര്‍ത്തന മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിട്ടു ണ്ടോയെന്ന് വ്യക്തമല്ല.
ബേബി ഡാം ബലപ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം മേല്‍നോട്ട സമിതി യോഗത്തില്‍ തമിഴ്നാട് വീണ്ടും ഉന്നയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഉള്‍പ്പെട്ട പ്രദേശമായതിനാല്‍ വനംവകുപ്പാണ് ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കേണ്ടതെന്ന് കേരളത്തിന്റെ പ്രതിനിധികള്‍ മേല്‍നോട്ടസമിതിയിയെ അറിയിച്ചു.
ഒരുവര്‍ഷത്തിന് ശേഷം അണക്കെട്ടില്‍ എത്തിയ സംഘം ബേബി ഡാം, ഗാലറി, സ്വീപ്പേജ് വെള്ളത്തിന്റെ അളവ് എന്നിവ പരിശോധിച്ചതിന് ശേഷം സ്പില്‍വേയിലെ മൂന്നും നാലും ഷട്ടറുകളും പരിശോധിച്ചു. പരിശോധനകള്‍ക്ക് ശേഷം കുമളി ബാംബു ഗ്രൂവില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. കേരള പ്രതിനിധി ടി.കെ. ജോസ്, തമിഴ്‌നാട് പ്രതിനിധി മണിവാസകം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.