പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നതിനൊപ്പം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മികവുറ്റതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂലമായ മാറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ സംസ്ഥാനത്തിന് പുറത്തു പോയി പഠിക്കുന്ന സാഹചര്യത്തിന് മാറ്റമുണ്ടാക്കും. കാലാനുസൃതമായ കൂടുതല്‍ കോഴ്‌സുകള്‍ സൃഷ്ടിച്ച് സ്ഥാപനങ്ങളെ അന്താരാഷ്ട്രതലത്തിലും ശ്രദ്ധയാര്‍ജ്ജിക്കുന്ന തരത്തിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാലയങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ എല്ലാവര്‍ക്കും ഒരേ നിലയിലുള്ള വിദ്യാഭ്യാസം സാധ്യമായി. അടച്ച് പൂട്ടാന്‍ ഉത്തരവിട്ടിരുന്ന സ്‌കൂളുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുത്ത് മികവുറ്റതാക്കി. സംസ്ഥാനത്തെ വിജ്ഞാന സമൂഹമാക്കുകയാണ് ലക്ഷ്യം. കുട്ടികള്‍ക്ക് സൗജന്യമായി യൂണിഫോം, കൃത്യതയോടെ പാഠപുസ്തക വിതരണം, ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നിവ ഉറപ്പ് വരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജില്ലയിലെ ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റ, ജി.എച്ച്.എസ്.എസ്. മൂലങ്കാവ്, സുല്‍ത്താന്‍ ബത്തേരി ഗവ. സര്‍വ്വജന ഹയര്‍ സെക്കന്ററി സ്‌കൂള്‍, ജി.വി.എച്ച്.എസ്.എസ്. അമ്പലവയല്‍, ജി.എല്‍.പി.എസ്. എടയൂര്‍ക്കുന്ന് എന്നീ സ്‌കൂളുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ജി.എച്ച്. എസ്.എസ്. പനങ്കണ്ടി, ജി.എച്ച്.എസ്.എസ്. നീര്‍വാരം, ജി.എച്ച്.എസ്.എസ്. കോളേരി എന്നീ സ്‌കൂളുകളിലെ നവീകരിച്ച ലാബുകളും, ജി.എച്ച്.എസ് റിപ്പണ്‍, ജി.എച്ച്.എസ്.എസ്. വൈത്തിരി, ജി.യു.പി.എസ്. കമ്പളക്കാട്, ജി.എല്‍.പി.എസ്. പാല്‍വെളിച്ചം, ജി.യു.പി.എസ്. തലപ്പുഴ, ജി.എല്‍.പി.എസ്. ചിത്രഗിരി എന്നീ വിദ്യാലയങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കിഫ്ബി ഫണ്ട് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ചാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്.
ജി.എല്‍.പി.എസ്. പാല്‍വെളിച്ചത്തില്‍ നടന്ന ചടങ്ങില്‍ ഒ.ആര്‍. കേളു എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍. സുശീല, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.റ്റി. വത്സലകുമാരി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. രാധാകൃഷ്ണന്‍, പ്രധാനധ്യാപിക ലിസികുട്ടി ജോണ്‍, പി.ടി.എ. പ്രസിഡന്റ് കെ.കെ. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജി.വി.എച്ച്.എസ്.എസ്. കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പ്പറ്റ നഗരസഭ സ്ഥിരം സമിതി അംഗം സി.കെ.ശിവരാമന്‍, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. ശിലഫലകം അനാച്ചാദാനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേശ്, ഡെപ്യൂട്ടി ചെയര്‍പേര്‍സണന്‍ എല്‍സി പൗലോസ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.കെ. സഹദേവന്‍, വിദ്യാഭ്യാസ സ്ഥിര സമിതി ആധ്യക്ഷന്‍ ടോം ജോസ്, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.