സംസ്ഥാനത്തെ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും സപ്ലൈകോ സൂപ്പര്‍ സ്റ്റോറുകള്‍ യാഥാര്‍ത്ഥ്യമായെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. വെങ്ങപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സപ്ലൈകോ മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുജനങ്ങള്‍ക്ക് സപ്ലൈകോയുടെ സേവനം ആവശ്യമുള്ളിടത്തെല്ലം മാവേലി സ്റ്റോറുകള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിലും വില വര്‍ധനവില്ലാതെ അവശ്യ വസ്തുക്കളുടെ വില്‍പ്പന നടത്തി. ഇതിനായി 200 കോടിയിലധികം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്രാന്റ് അനുവദിച്ചത്. കര്‍ഷകരുടെ ഉത്പാദന കേന്ദ്രങ്ങളിലെത്തി നെല്ല് സംഭരണം നടത്തുന്നതും സപ്ലൈകോ മുഖേനയാണ്. ഇതിലൂടെ സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതു വിതരണ സംവിധാനമായി മാറാന്‍ സപ്ലൈകോയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആനോത്ത് റോഡിലാണ് സപ്ലൈകോ മാവേലി സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. രേണുക, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി, വിവിധ ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.