നിയമസഭാ തെരഞ്ഞെടുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

0

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റ് മിനി കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. പോളിങ് ബൂത്തുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുന്നതിന് തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ഇപ്പോള്‍ തന്നെ ശ്രദ്ധ പതിപ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശുചിമുറി, വൈദ്യുതി, വെള്ളം, റാംപ് തുടങ്ങിയ സൗകര്യങ്ങള്‍ ഉറപ്പാക്കണം. അങ്കണവാടികളില്‍ ഉള്‍പ്പെടെ സ്ഥിരമായ റാംപ് ഉണ്ടാക്കുന്നതിന് പ്ലാന്‍ തയ്യാറാക്കണം. തെരഞ്ഞെടുപ്പിന് വേണ്ടി താത്ക്കാലികമായി റാംപ് ഒരുക്കുന്നതിനു പകരം സ്ഥിരസംവിധാനത്തെ കുറിച്ചാണ് ആലോചിക്കേണ്ടതെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ആകെ 576 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇതുകൂടാതെ 1000 വോട്ടര്‍മാരില്‍ അധികമുള്ള പോളിങ് സ്റ്റേഷനുകളില്‍ ഓരോ ഓക്സിലറി ബൂത്ത് കൂടി അനുവദിക്കും. ആകെ 372 ഓക്സിലറി ബൂത്തുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിലാണിത്. പോളിങ് ബൂത്തുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് മുഴുവന്‍ ഉദ്യോഗസ്ഥരുടെയും സാന്നിധ്യം ആവശ്യമായി വരുമെന്നും നിസാര കാരണങ്ങളുടെ പേരില്‍ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ ജില്ലാതല ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെരഞ്ഞെടുപ്പിനായി വിവിധ വകുപ്പുകളുടെ വാഹനങ്ങള്‍, സ്‌കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ളവയുടെ പ്രവര്‍ത്തനക്ഷമത ഉറപ്പാക്കണം.

ക്രമസമാധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറും കോവിഡ് പ്രോട്ടോക്കോള്‍ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുകയും യോഗത്തില്‍ വിശദീകരിച്ചു. എ.ഡി.എം ടി. ജനില്‍കുമാര്‍, ഇലക്്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. രവികുമാര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!